'അന്ന് ടീച്ചറമ്മ മാലാഖയും വീണ ജോർജ് കള്ളിയങ്കാട്ട് നീലിയുമായി, ഇന്ന് വീണ ജോർജ് ഉള്ളിൽ ചിരിക്കുന്നുണ്ടാകും'; ഷിബു ബേബി ജോൺ

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ കടുത്ത വിമർശനവുമായി ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ.

അഞ്ചു വർഷം മുമ്പ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറിനുള്ളിൽ കത്രിക വച്ച് തുന്നിയതടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ആരോഗ്യരംഗത്തെ വീഴ്ചകൾ ഓരോന്നായി ഇപ്പോൾ പുറത്തു വരുമ്പോൾ വീണ ജോർജ് ഉള്ളിൽ ചിരിക്കുകയാവുമെന്ന് ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

ഷൈലജ ടീച്ചറുടെ കാലത്ത് തകർന്ന ആരോഗ്യരംഗം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഒരു ദുരന്തമായി പരിണമിച്ചപ്പോൾ ടീച്ചറമ്മ മാലാഖയും ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോർജ് കള്ളിയങ്കാട്ട് നീലിയുമായി തീർന്നു. ടീച്ചറമ്മയുടെ പി.ആറിനെ കവച്ചുവെക്കാൻ വീണ ജോർജിന്റെ പി.ആറിന് കഴിയുന്നില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"'വീണിതല്ലോ കിടക്കുന്നു ധരിണിയിൽ, ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!!!'
കേരളത്തിന്റെ ആരോഗ്യരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന്, അമേരിക്കയിൽ നിന്നുള്ളവർ പോലും കേരളത്തിന്റെ ആരോഗ്യമന്ത്രിയെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു എന്ന കഥ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വ്യാപകമായി പ്രചരിക്കപ്പെട്ട ഒന്നാണ്. അമേരിക്കയിൽ നിന്ന് ഒരാൾ വിളിച്ച് മാസ്ക് എത്തിക്കാൻ തന്നോട് അഭ്യർത്ഥിച്ചുവെന്ന് അന്നത്തെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറാണ് മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെയൊക്കെയാണ് ഷൈലജ ടീച്ചർ, ടീച്ചറമ്മയായി മാറിയത്. 

ഇന്ത്യാ മഹാരാജ്യത്തിൽ കോവിഡിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ചത് കേരളമായിരുന്നു എന്നൊക്കെ അന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ അവർക്ക് സാധിച്ചു . എന്നാൽ ഇന്ത്യയിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് മരണങ്ങൾ നടന്ന സംസ്ഥാനം കേരളമായിരുന്നു എന്ന വസ്തുത പിന്നീടാണ് പുറത്തുവന്നത്. എന്നാൽ ഈ മരണനിരക്ക് ബോധപൂർവ്വം മറച്ചുവച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നുവെന്നതാണ് ഏറെ ഗൗരവകരം. പിന്നീട്, കേന്ദ്ര ഗവൺമെന്റ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചപ്പോഴാണ് യഥാർത്ഥ കണക്കുകൾ പുറത്തുവന്നത്. മരണനിരക്കുകൾ പോലും ഒളിപ്പിച്ചു വച്ചുകൊണ്ടുള്ള മ്ലേച്ഛമായ പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ടീച്ചറമ്മ എന്ന ബ്രാന്റിന്റെ ജനനം.

ഷൈലജ ടീച്ചറുടെ കാലത്ത് തകർന്ന ആരോഗ്യരംഗം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഒരു ദുരന്തമായി പരിണമിച്ചപ്പോൾ ടീച്ചറമ്മ മാലാഖയും ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് കള്ളിയങ്കാട്ട് നീലിയുമായി തീർന്നു. എന്നാൽ ഇക്കാര്യത്തിൽ വീണാ ജോർജ് മാത്രമാണോ തെറ്റുകാരി? ടീച്ചറമ്മയുടെ പി.ആറിനെ കവച്ചുവെക്കാൻ വീണാ ജോർജിന്റെ പി.ആറിന് കഴിയുന്നില്ല എന്ന് മാത്രം. അഞ്ചു വർഷം മുമ്പ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറിനുള്ളിൽ കത്രിക വച്ച് തുന്നിയതടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ആരോഗ്യരംഗത്തെ വീഴ്ചകൾ ഓരോന്നായി ഇപ്പോൾ പുറത്തു വരുമ്പോൾ വീണാ ജോർജ് ഉള്ളിൽ ചിരിക്കുകയാവും. എന്തായാലും എല്ലാം കാണുന്ന ജനം ഇതിനെല്ലാം മറുപടി നൽകാൻ കാത്തിരിക്കുകയാണെന്ന് ഓർത്താൽ നന്ന്."


Full View


Tags:    
News Summary - Shibu Baby John sharply criticizes the Health Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.