കണ്ണൂർ: സി.പി.എം നേതൃത്വത്തിലുള്ള ഹലാൽ ഫായിദ കോഒാപറേറ്റിവ് സൊൈസറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പലിശ ഉപയോഗിക്കുന്ന സാമ്പത്തികസ്ഥാപനങ്ങളിൽ ഇടപാടുകൾ നടത്താത്ത വിഭാഗക്കാർക്ക് സുരക്ഷിതമായി അവരുടെ സമ്പാദ്യം നിക്ഷേപിക്കാൻ പറ്റുന്നതരത്തിലായിരിക്കും സൊസൈറ്റിയുടെ പ്രവർത്തനമെന്ന് ഭാരവാഹികൾ ഉദ്ഘാടനച്ചടങ്ങിൽ വ്യക്തമാക്കി.
അംഗങ്ങളിൽനിന്ന് ഷെയറായും നിക്ഷേപമായും സ്വീകരിക്കുന്ന തുക ഉപയോഗിച്ച് വ്യാപാര-നിർമാണമേഖലകളിൽ നിക്ഷേപം നടത്തിയും ലാഭവിഹിതം നൽകിയുമായിരിക്കും സൊസൈറ്റിയുടെ പ്രവർത്തനം. കേരളത്തിനകത്തും പുറത്തും വൻ സാധ്യതയുള്ള മാംസവ്യവസായം തുടങ്ങാനുള്ള പ്രാരംഭപ്രവർത്തനം ഇതിനകം സൊസൈറ്റി ആരംഭിച്ചുകഴിഞ്ഞു. ഇതിനായി 30 ഏക്കറിൽ ആധുനിക സംവിധാനങ്ങളോടെയുള്ള ഫാം തുടങ്ങും.
ശുദ്ധമായ മാംസഭക്ഷണം ജനങ്ങളിലെത്തിക്കുകയെന്ന ഉദ്ദേശ്യമാണ് ഇതിനുപിന്നിൽ. കർഷകർ, കുടുംബശ്രീ എന്നിവരെ ഉപയോഗപ്പെടുത്തിയാണ് അതിനാവശ്യമായ ആടുമാടുകളെ വളർത്തുക. ഇതിലൂടെ സ്ത്രീകളടക്കമുള്ളവർക്ക് തൊഴിൽസാധ്യതകൂടി ലഭിക്കും. ഇതിനുപുറമേ റോഡ് നിർമാണക്കരാറടക്കം ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് സൊസൈറ്റി. ചടങ്ങിൽ മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കമ്പ്യൂട്ടർ സ്വിച്ച് ഒാൺ കർമം നിർവഹിച്ചു. കെ.കെ. രാഗേഷ് എം.പി, പി. ജയരാജൻ, കെ.കെ. സുരേഷ്, എം.കെ. ദിനേശ്ബാബു എന്നിവർ സംസാരിച്ചു. എം. ഷാജർ സ്വാഗതവും സി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.