മലപ്പുറം: ഹജ്ജ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളുടെ യോഗം മലപ്പുറം ജില്ല കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കോവിഡിനുശേഷമുള്ള 2023ലെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ക്ക് എല്ലാ വകുപ്പുകളുടെയും സഹകരണം ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിലെ റീകാർപറ്റിങ് പ്രവൃത്തി മേയ് ആദ്യവാരത്തോടെ പൂര്‍ത്തിയാക്കുമെന്നും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിൽ ഒരുക്കുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്. സുരേഷ് അറിയിച്ചു.
വിവിധ ജില്ലകളില്‍നിന്ന് ഹജ്ജ് ക്യാമ്പിലേക്ക് കെ.എസ്.ആര്.ടി.സി ബസുകള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടും. ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ എല്ലാ ട്രെയിനുകള്‍ക്കും ഷെഡ്യൂളിനനുസരിച്ച് സ്റ്റോപ് അനുവദിക്കാന്‍ ശ്രമിക്കും. ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടർ ഏര്‍പ്പെടുത്തും. ഹജ്ജ് ക്യാമ്പില്‍ ഫയര്‍ കണ്ട്രോള് സിസ്റ്റം ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കുമെന്ന് അഗ്നിരക്ഷസേന അധികൃതര്‍ അറിയിച്ചു.
ഇതുവരെ കോവിഡ് വാക്സിന് സ്വീകരിക്കാത്ത അപേക്ഷകരുണ്ടെങ്കില്‍ അതത് താലൂക്ക് ആശുപത്രിയില്‍ ബന്ധപ്പെട്ടാല്‍ അതിനുള്ള സംവിധാനം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഹജ്ജ് ക്യാമ്പില്‍ 24 മണിക്കൂര്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കും. വിമാനത്താവളത്തിലും ഹജ്ജ് ക്യാമ്പിലും ഗതാഗതം നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിക്കും. യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി, ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, ജില്ല വികസന കമീഷണര്‍ അജിത്കുമാര്‍ ചൗധരി, എ.ഡി.എം എൻ.എം. മെഹറലി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഉമര്‍ ഫൈസി മുക്കം, ഡോ. ഐ.പി. അബ്ദുല്‍ സലാം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.