സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനു പുറപ്പെടാൻ വെള്ളിയാഴ്ച കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തീർഥാടകൻ പേരക്കുട്ടികളുമായി സ്നേഹം പങ്കിടുന്നു (ചിത്രം -മുസ്തഫ അബൂബക്കർ)
കൊണ്ടോട്ടി: ഹജ്ജ് കർമത്തിനായി സംസ്ഥാനത്തുനിന്നുള്ള തീര്‍ഥയാത്രക്ക് കരിപ്പൂരില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ആദ്യ തീര്‍ഥാടക സംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജിദ്ദയിലേക്ക് യാത്രയായി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനത്തില്‍ 172 അംഗ സംഘം വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം 12.45നാണ് യാത്രതിരിച്ചത്. ഇവരില്‍ 95 വനിതകളും 77 പുരുഷന്മാരുമാണുള്ളത്.
ആദ്യ വിമാനത്തില്‍ യാത്രതിരിച്ച തീര്‍ഥാടകര്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കരിപ്പൂരിലെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്ക് ഹൃദ്യമായ വരവേൽപ് നല്കി.
ശനിയാഴ്ച വൈകീട്ട് 4.30നാണ് കരിപ്പൂരില്‍നിന്നുള്ള രണ്ടാമത്തെ വിമാനം. ഇതില്‍ 87 പുരുഷന്മാരും 86 വനിതകളുമുള്‍പ്പെടെ 173 പേരാണ് യാത്രയാകുന്നത്. ഈ സംഘം വെള്ളിയാഴ്ച വൈകീട്ട് നാലിന് വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തശേഷം ഹജ്ജ് ക്യാമ്പില്‍ എത്തിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ 15 വരെ മൂന്നു വിമാനങ്ങളും 16 മുതല്‍ 21 വരെ രണ്ടു വിമാനങ്ങളും യാത്രയുടെ അവസാന ദിവസമായ 22ന് ഒരു വിമാനവുമാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.