പഠനനിലവാരത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ മുന്നില്‍

ന്യൂഡല്‍ഹി: പഠനനിലവാരത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ സ്വകാര്യ സ്കൂളുകളെക്കാള്‍ മികവ് പുലര്‍ത്തുന്നതായി സര്‍വേ റിപ്പോര്‍ട്ട്. പഠനമികവിനു പുറമേ വിദ്യാര്‍ഥി പ്രവേശനത്തിലും ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിലും സര്‍ക്കാര്‍ സ്കൂളുകള്‍ നേട്ടം കൈവരിച്ചതായി വിദ്യാഭ്യാസമേഖലയിലെ സന്നദ്ധസംഘടനയായ ‘അസര്‍’ (ആനുവല്‍ സ്റ്റാറ്റസ് ഓഫ് എജുക്കേഷന്‍ റിപ്പോര്‍ട്ട്) സര്‍വേ പറയുന്നു.

2014-16 കാലത്ത് സ്വകാര്യ സ്കൂള്‍ പ്രവേശനത്തില്‍ വര്‍ധനയുണ്ടായിട്ടില്ല. മാത്രമല്ല, കേരളത്തിലും ഗുജറാത്തിലും സര്‍ക്കാര്‍ സ്കൂളുകളില്‍ ചേരുന്നവരുടെ എണ്ണം കൂടി. കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ന്ന 11-14 പ്രായക്കാരുടെ എണ്ണം കഴിഞ്ഞവര്‍ഷം 49.9 ശതമാനം കൂടി. 2014ല്‍ 40.6 ശതമാനമായിരുന്നു. ഗുജറാത്തില്‍ വര്‍ധന യഥാക്രമം 79.2, 86 ശതമാനമാണ്. 6-14 പ്രായക്കാരുടെ സ്കൂള്‍ പ്രവേശനം 2014ല്‍ 96.7 ശതമാനമായിരുന്നത് 2016ല്‍ 96.9 ആയി. 15-16 വയസ്സുകാരുടെ എണ്ണത്തിലും നേരിയ വര്‍ധനയുണ്ടായി.

സര്‍ക്കാര്‍ സ്കൂളുകളിലെ ചെറിയ ക്ളാസുകളാണ് പഠനനിലവാരത്തില്‍ ഏറ്റവും മികവ് പുലര്‍ത്തുന്നത്. ഒന്നാം ക്ളാസിലെ പാഠപുസ്തകം വായിക്കാനറിയുന്ന മൂന്നാം ക്ളാസുകാരുടെ എണ്ണം 2014ല്‍ 40.2 ശതമാനമായിരുന്നത് 2016ല്‍ 42.5 ശതമാനമായി. പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മികവ് പുലര്‍ത്തുന്നു.

ചെറിയ ക്ളാസുകളിലെ കണക്കിലെ അറിവാണ് സര്‍വേയില്‍ പരിശോധിച്ച മറ്റൊരു കാര്യം. 2014ല്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥികളില്‍ 25.4 ശതമാനത്തിനെ രണ്ടക്ക സംഖ്യകള്‍ തമ്മില്‍ കിഴിക്കാന്‍ അറിയുമായിരുന്നുള്ളൂ. 2016ല്‍ ഇത് 27.7 ശതമാനമായി ഉയര്‍ന്നു. അതേസമയം, ഇംഗ്ളീഷ് വായിക്കാനുള്ള അറിവിന്‍െറ കാര്യത്തില്‍ പ്രൈമറി ക്ളാസുകള്‍ പിന്നിലാണ്. 2016ല്‍ അഞ്ചാം ക്ളാസില്‍ പഠിക്കുന്ന 24.5 ശതമാനത്തിനേ ലഘുവായ ഇംഗ്ളീഷ് വാചകങ്ങള്‍ വായിക്കാന്‍ അറിയുമായിരുന്നുള്ളൂ. 2009 മുതല്‍ ഇതേ നില തുടരുകയാണെന്ന് സര്‍വേ പറയുന്നു.

2010ല്‍ സര്‍ക്കാര്‍ സ്കൂളുകളിലുള്ള പെണ്‍കുട്ടികളുടെ ശുചിമുറികളില്‍ 32.9 ശതമാനമാണ് ഉപയോഗിക്കാവുന്നത്ര നിലവാരമുണ്ടായിരുന്നത്. 2014ല്‍ ഇത് 55.7 ശതമാനവും 2016ല്‍ 61.9 ശതമാനവുമായി ഉയര്‍ന്നു. ഗുജറാത്ത്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ 80 ശതമാനം സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് നിലവാരമുള്ള ശുചിമുറികളുണ്ട്.

589 ഗ്രാമീണ ജില്ലകളിലെ വീടുകളിലും സ്കൂളുകളിലും സന്നദ്ധപ്രവര്‍ത്തകരാണ് ‘അസറി’നുവേണ്ടി സര്‍വേ നടത്തിയത്. 17,473 ഗ്രാമങ്ങളിലെ മൂന്നര ലക്ഷം വീടുകളും 3-16 പ്രായക്കാരായ 5.62 ലക്ഷം വിദ്യാര്‍ഥികളും സര്‍വേയുടെ ഭാഗമായി.

Tags:    
News Summary - govt schools has high standerd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.