അസമിലെ പൊലീസ് ക്രൂരതക്കെതിരെ വെൽഫെയർ പാർട്ടി രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്

അസമിൽ നടക്കുന്നത് ഭരണകൂടത്തിന്‍റെ വംശീയ വേട്ട -കെ.എ. ഷെഫീഖ്

തിരുവനന്തപുരം: അസമിലെ ധറാങ്ങിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ വെടിവെപ്പ് ഭരണകൂടത്തിന്‍റെ വംശീയ വേട്ടയുടെ തുടർച്ചയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘ്പരിവാറിന്‍റെ ഒത്താശയോടെ ജനങ്ങൾക്കുനേരെ അഴിഞ്ഞാടുന്ന പൊലീസാണ് ധറാങ്ങിൽ ആസൂത്രിത സായുധാക്രമണം നടത്തിയത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ കുടിയൊഴിപ്പിക്കപ്പെട്ട ഇരുനൂറോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച നിരവധി പേർക്ക് സാരമായ പരിക്ക് ഏൽക്കുകയും രണ്ടുപേർ തൽക്ഷണം കൊല്ലപ്പെടുകയും ചെയ്തത് ഈ പൊലീസ് അക്രമത്തിലാണ്.

കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് മുകളിൽ ചാടി നൃത്തം ചെയ്യുന്ന സംഘ്പരിവാർ ഭീകരതയുടെ ക്രൂര മുഖമാണ് പുറത്തുവന്ന വിഡിയോകളിലൂടെ വെളിപ്പെടുന്നത്. പ്രതിഷേധിച്ചവരിൽ വെടിയേറ്റ് നിലത്തുവീണ വ്യക്തിയെ ഇരുപതോളം പൊലീസ് വളഞ്ഞിട്ട് തല്ലി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് ഒത്താശയോടെ തന്നെയാണ് ദൃശ്യങ്ങൾ പകർത്താൻ സർക്കാർ നിയമിച്ച ക്യാമറാമാനായ ബിജയ് ശങ്കർ എന്ന വ്യക്തി മൃതദേഹത്തെ ചവിട്ടിമെതിച്ചത്.

ആവശ്യമായ പുനരധിവാസ സംവിധാനം ഒരുക്കാതെ ജനങ്ങളെ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന ഭരണകൂട നടപടി അംഗീകരിക്കാനാവില്ല. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് എണ്ണൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ഭരണകൂടം നടത്തിയ ആസൂത്രിത ശ്രമത്തിന്‍റെ തുടർച്ചയായി സിപാജറിലെ മുസ്‌ലിം പള്ളികളും പൊലീസ് തകർത്തു. മുസ്‌ലിം സമൂഹത്തിന്‍റെ സാംസ്കാരിക നിലനിൽപ്പിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ അസം സർക്കാർ നടപ്പാക്കുന്നത്.

അസമിലെ പൊലീസിന്‍റെ ക്രൂരതയ്ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് അസം ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ദേശീയ പ്രസിഡന്‍റ്​ ഷംസീർ ഇബ്രാഹിം, സെക്രട്ടറിമാരായ ആയിഷ റെന്ന, അഫ്രീൻ ഫാത്തിമ, ഷർജീൽ ഉസ്മാനി ഉൾപ്പെടെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണ്. പ്രതിഷേധങ്ങളെ അടിച്ചമർത്തി ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ഫാഷിസത്തിന്‍റെ ശ്രമത്തെ ശക്തമായ പോരാട്ടം കൊണ്ട് മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌ലിം വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് സംഘ്പരിവാർ നടത്തുന്ന പൊലീസ് രാജിനെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ എൻ.എം. അൻസാരി, അഡ്വ. അനിൽകുമാർ, മധു കല്ലറ, മുംതാസ് ബീഗം, അയ്യൂബ് ഖാൻ എന്നിവർ സംസാരിച്ചു. മ്യൂസിയം ജംഗ്ഷനിൽനിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് രാജ്ഭവന്​ മുന്നിൽ പൊലീസ് തടഞ്ഞു.

Tags:    
News Summary - Govt racism in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.