വിദ്യാർഥിയുടെ പരാതി; കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ എം. രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍

കാസര്‍കോട്: കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപ്പലും നിലവിൽ മഞ്ചേശ്വരം ജി.പി.എം ഗവ. കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപികയുമായ ഡോ. എം. രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍. 2022 ആഗസ്റ്റില്‍ വിദ്യാർഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. അധ്യാപികയുടെ വിരമിക്കല്‍ ദിനത്തിലാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നടപടി എസ്.എഫ്‌.ഐ നേതാക്കളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയെന്ന് അധ്യാപിക പ്രതികരിച്ചു.

അവസാന പ്രവൃത്തി ദിവസമായ 27നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. പെന്‍ഷന്‍ ആനുകൂല്യം തടയാനാണ് നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഡ്മിഷന്‍ നിഷേധിച്ചുവെന്നും വിദ്യാര്‍ഥിനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നുമുള്ള പരാതിയില്‍ വകുപ്പ് തല അന്വേഷണം നേരത്തെ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.

കാസര്‍കോട് ഗവ. കോളജില്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. രമയെ അന്വേഷണനടപടികളുടെ ഭാഗമായാണ് തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്ത് മഞ്ചേശ്വരം ഗവ. കോളജിലേക്ക് സ്ഥലംമാറ്റിയത്. കാസര്‍കോട് കോളജില്‍ വിദ്യാർഥികളെ പൂട്ടിയിട്ട സംഭവത്തിന് പിന്നാലെയാണ് എം. രമയെ നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്. കോളജിലെ ഫിൽട്ടറിൽ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് പരാതി പറയാനെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നായിരുന്നു പരാതി.

ഇതിന് പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഇവർ ഉയർത്തിയിരുന്നു. എസ്.എഫ്.ഐക്കാരുടെ നേതൃത്വത്തിൽ ക്യാംപസിൽ അനാശാസ്യം നടക്കുന്നുവെന്നും ഇത് ചോദ്യം ചെയ്തതാണ് തനിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണമെന്നും രമ പറഞ്ഞിരുന്നു.

Tags:    
News Summary - govt preparing to take action again against Kasaragod Govt. college teacher Rema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.