തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന ഉത്തരവ് ചൊവ്വാഴ്ച ഇറങ്ങിയേക്കും. തിങ്കളാഴ്ച ഉത്തരവിറങ്ങുമെന്ന് സൂചനയുണ്ടായിരുന്നതെങ്കിലും ചില കാര്യങ്ങളിൽകൂടി വ്യക്തത വരുത്താനായി വൈകിപ്പിക്കുകയായിരുന്നു.
ഒരു മാസത്തെ തുക നൽകാൻ താൽപര്യമില്ലാത്തവർ എഴുതി നൽകണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിൽ പ്രതിപക്ഷ സർവിസ് സംഘടനകൾക്ക് കടുത്ത എതിർപ്പുണ്ട്. ഒരു മാസത്തിൽ കുറവോ കൂടിയതോ ആയ തുക നൽകാൻ സന്നദ്ധരായവർക്ക് അതിന് അവസരം നൽകാനായി ഇൗ വ്യവസ്ഥ ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഒരുമാസ ശമ്പളം നൽകാൻ തയാറല്ലാത്തവർ എഴുതി നൽകണമെന്ന വ്യവസ്ഥ ഭാവിയിൽ പ്രതികാരനടപടിക്ക് കാരണമാകുമോ എന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. എന്നാൽ, ഇത് സർക്കാർ പൂർണമായി തള്ളുന്നു. ഒരു മാസത്തെ ശമ്പളമെന്ന സർക്കാർ നിർദേശത്തെ ഭരണാനുകൂല സംഘടനകൾ സ്വാഗതം ചെയ്തിട്ടുണ്ട്.
ധനമന്ത്രി ഡോ. തോമസ് െഎസക് വിളിച്ച സർവിസ് സംഘടനകളുടെ യോഗത്തിൽ പ്രതിപക്ഷസംഘടനകൾ ഒരു മാസത്തെ ശമ്പളം എന്ന് നിർബന്ധം പിടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇത് സർക്കാർ പരിഗണിച്ചിട്ടില്ലെന്നാണ് സൂചന. ഒരുമാസ ശമ്പളം പൂർണമായി നൽകാൻ സന്നദ്ധരല്ലാത്തവർ എഴുതി നൽകണം എന്ന നിർദേശമാണ് വരുക.
സന്നദ്ധമല്ലെന്ന് എഴുതിനൽകിയാൽ ഇൗ ദൗത്യത്തിൽ അവർ പങ്കാളികളായില്ലെന്ന് വരും. ഒരു മാസത്തിൽ കുറവ് തുക നൽകാനുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നൽകെട്ടയെന്നാണ് ധനവകുപ്പ് നിലപാട്.
ഒറ്റത്തവണയാേയാ മാസം മൂന്ന് ദിവസത്തെ വീതം ശമ്പളം ഗഡുക്കളായോ പിടിക്കാനും 10 മാസം കൊണ്ട് ഇത് ഇൗടാക്കുന്നത് പൂർത്തീകരിക്കാനുമാണ് ലക്ഷ്യം. 2600 കോടി രൂപയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പെൻഷൻകാരുടെ സംഘടനകളുടെ യോഗവും ഉടൻ ധനവകുപ്പ് വിളിക്കും. അവരോടും ഒരു മാസ പെൻഷൻ നൽകാൻ അഭ്യർഥിക്കും. രണ്ടുംകൂടി 4000 കോടി രൂപ വരും. ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റുന്നുണ്ട്. കഴിഞ്ഞമാസം ഏഴ് കോടിയോളം രൂപ ഇൗയിനത്തിൽ വിതരണം ചെയ്തിരുന്നു. അത് തിരിച്ചുപിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.