പ്രളയത്തിനിരയായവർക്ക്​ തുക ലഭിക്കുമെന്ന്​ ഉറപ്പുവരുത്തണമെന്ന്​ ഹൈകോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ലഭിക്കുന്ന തുക പ്രളയ ദുരന്തത്തിനിരയായവർക്ക്​ തന്നെയാണ്​ ലഭിക്കുന്നതെന്ന്​ ഉറപ്പുവരുത്തണമെന്ന്​ ഹൈകോടതി. പ്രളയവുമായി ബന്ധപ്പെട്ട്​ ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതടക്കം സംവിധാനങ്ങൾ​ സർക്കാർ പരിഗണിക്കണമെന്നും ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ഡിവിഷൻബെഞ്ച്​ ഉത്തരവിട്ടു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച (സി.എം.ഡി.ആർ.എഫ്) സഹായങ്ങള്‍ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നും വരവുചെലവ്​ കണക്കുകള്‍ പരസ്യപ്പെടുത്തണമെന്നും പ്രളയം ​േദശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി സ്വദേശിനി എ.എ. ഷിബി സമര്‍പ്പിച്ച ഹരജിയാണ്​ കോടതി പരിഗണിച്ചത്​.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള പണം മറ്റു സഹായങ്ങൾക്ക്​ ഉപയോഗിക്കാനും സാധ്യതയുണ്ടെന്നാണ്​​ ഹരജിക്കാര​​​െൻറ വാദം. എന്നാൽ, പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച പണത്തില്‍ ഒരു പൈസ പോലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന്​ ലഭിച്ച പണം അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക്​ മാത്രമേ ഉപയോഗിച്ചുള്ളൂവെന്നും എ.ജി വ്യക്​തമാക്കി.

അഡ്വക്കറ്റ് ജനറലി​​​െൻറ ഉറപ്പുള്ളതിനാല്‍ ഇക്കാര്യത്തിൽ ആശങ്കയില്ലെന്ന്​ കോടതി വാക്കാൽ പറഞ്ഞു. എങ്കിലും പണം സംഭാവന ചെയ്യുന്നവര്‍ക്ക് ഉറപ്പു ലഭിക്കണം. ആളുകള്‍ ഇപ്പോൾ പണം നല്‍കുന്നത് പ്രളയ ദുരിതാശ്വാസത്തിനാണ്. അതിനാല്‍ പ്രത്യേക അക്കൗണ്ടടക്കം സ്‌പെഷല്‍ പര്‍പസ് വെഹിക്കിൾ മുഖേന കൈകാര്യം ചെയ്യുന്ന കാര്യം പരിഗണിക്കണം. പണം നല്‍കിയവര്‍ക്ക് വിശദാംശങ്ങള്‍ നല്‍കുന്ന രീതിയില്‍ സര്‍ക്കാര്‍ സംവിധാനം കൂടുതല്‍ സുതാര്യമാകണം​. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം മറ്റെന്തെങ്കിലും തരത്തില്‍ ഉപയോഗിക്കുമെന്ന് കരുതുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗുജറാത്ത്​ ഭൂകമ്പത്തെ നേരിട്ടതു പോലുള്ള സംവിധാനം കേരളത്തിലെ ദുരന്തത്തി​​​െൻറ പശ്ചാത്തലത്തിൽ ആവശ്യമുള്ളതായി ഹരജിക്കാരന്‍ വാദിച്ചു. ഗുജറാത്തി​​​​െൻറയും കേരളത്തി​​​​െൻറയും പശ്ചാത്തലം വ്യത്യസ്തമാണെന്നും കേരളത്തിന് ഏറ്റവും അനുയോജ്യമായ കാര്യമാണ്​ ഇവിടെ നടപ്പാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസത്തിന് സന്നദ്ധ സംഘടനകള്‍ പിരിച്ച പണവും മറ്റു വസ്തുക്കളും ബാക്കിയുണ്ടെങ്കില്‍ അത്​ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതില്ലേയെന്നും കോടതി വാക്കാല്‍ ചോദിച്ചു. 

ദുരിതാശ്വാസ ഫണ്ട് വിനിയോഗം സംബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ടാവണമെന്ന് കോടതിയിലുണ്ടായിരുന്ന മുതിർന്ന അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മികച്ച ഒരു മാതൃക തിരയുകയാണെന്ന് കോടതി പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച പണവും മറ്റു വിഭവങ്ങളും ഇരകള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയാണ്​ ലക്ഷ്യം. വിഷയത്തില്‍ അഭിപ്രായം അറിയിക്കണമെന്ന്​ സർക്കാറിനോട്​ നിർദേശിച്ച കോടതി തുടർന്ന്​ ഹരജി വ്യാഴാഴ്​ച പരിഗണിക്കാൻ മാറ്റി. 
 

Tags:    
News Summary - Govt: authority must check Flood Relief Fund Transfer - Highcourt- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.