തിരുവനന്തപുരം: പാലക്കാട് ഗോവിന്ദാപുരത്തെ അംബ്ദകര്‍ കോളനിയില്‍ താമസിക്കുന്ന ദളിത് കുടംബാംഗങ്ങളെ അയിത്തമാരോപിച്ച് ഒറ്റെപ്പെടുത്തുകയും അവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമൊരുക്കുകയും ചെയ്ത സംഭവം കേരളീയ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് അവിടുത്തെ ദളിത് സമൂഹത്തിന് നേരെയുള്ള ഈ അതിക്രമം ഉടനടി അവസാനിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അവിടുത്തെ ചായക്കടയില്‍ ദളിത് വിഭാഗത്തില്‍ പെട്ട ചക്കിലിയ സമുദായത്തിന് പ്രത്യേക ഗ്‌ളാസാണ് കുടിക്കാനായി നല്‍കുന്നതെന്നും ജലസംഭരണിയില്‍ ഇവര്‍ക്ക് വെളളമെടുക്കാനായി പ്രത്യേക ടാപ്പും ഉണ്ടെന്ന വാര്‍ത്തകള്‍ കേരളത്തെ നടുക്കുന്നതാണ്. അടുത്തിയിടെ അവിടെ നടന്ന ഒരു മിശ്ര വിവാഹത്തിന്‍റെ പേരില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിന്റെ പേരില്‍ സി.പി.എം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണനും മകന്‍ അഖിലും ഗുണ്ടകളും ചേര്‍ന്ന് ചക്കിലിയ സമുദായത്തില്‍ പെട്ട ചെറുപ്പക്കാരെ വ്യാപകമായി ആക്രമിക്കുകയും പൊലീസില്‍ പരാതി നല്‍കുന്നതിനായി കൊല്ലങ്കോട് സി.ഐയെ സമീപിച്ചപ്പോള്‍ സി ഐ മര്‍ദ്ധിച്ചവരുടെ പക്ഷം ചേര്‍ന്ന് ചക്കിലിയ സമുദായത്തില്‍ പെട്ടവരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവമുണ്ടായി.
മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കാനും പൊലീസ് തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ ചക്കിലിയ സമുദായാംദഗവും 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശിവരാജനോട് നിങ്ങള്‍ക്കെതിരെ കേസ് എടുക്കുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരന്‍ അയ്യപ്പന്‍ നടത്തിയ പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം നമ്മള്‍ ആഘോഷിക്കുകയാണ്. ജാതിയില്ലാ വിളംബരത്തിന്റെ 100ാം വാര്‍ഷികവും സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ആഘോഷിക്കുകയാണ്. എന്നിട്ടും ഈ പ്രബുദ്ധ കേരളത്തില്‍ അയിത്താചരണവും അതോട് ബന്ധപ്പെട്ട സാമൂഹിക ഒറ്റപ്പെടുത്തലും, ഭീഷണിയും നിലനില്‍ക്കുന്നത് മലയാളികളെ ആകെ ലജ്ജിപ്പിക്കുന്നതാണെന്ന് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ഗോവിന്ദാപുരത്തെ അംബദ്കര്‍ കോളനിയിലെ ദളിത് കുടംബങ്ങള്‍ക്ക് നീതി ഉറപ്പാക്കണം. അവരുടെ സാമൂഹികമായ ഒറ്റപ്പെടുത്തല്‍ അവസാനിപ്പിക്കണം. അവരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊളളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.