സംസ്ഥാനത്ത് ആദ്യം യു.എ.പി.എ ചുമത്തിയത് 2007ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍

കോഴിക്കോട്: വിവാദ നിയമം യു.എ.പി.എ പ്രകാരം സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ 10 വര്‍ഷമായിട്ടും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാനായില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ‘പീപ്ള്‍ മാര്‍ച്ച്’ ഇംഗ്ളീഷ് മാസികയുടെ പത്രാധിപരായിരുന്ന പി. ഗോവിന്ദന്‍കുട്ടി രണ്ടു മാസം ജയിലില്‍ കിടന്ന  കേസ് ചുമത്തിയത് 2007ല്‍ ഇടതുഭരണകാലത്ത് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോഴാണ്. അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് വീണ്ടും എഴുത്തുകാര്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായി യു.എ.പി.എ പ്രയോഗിക്കുമ്പോള്‍ ആദ്യ ഇര ഗോവിന്ദന്‍കുട്ടിയുടെ അനുഭവം അദ്ദേഹം ‘മാധ്യമ’വുമായി പങ്കുവെക്കുന്നു.

‘‘2007 ഡിസംബര്‍ 19നാണ് ദേശദ്രോഹ ലേഖനമെഴുതിയെന്ന പേരില്‍ എന്നെ അറസ്റ്റ് ചെയ്തത്. കുറ്റം ഏറ്റിരുന്നെങ്കില്‍ ഇപ്പോള്‍ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങാന്‍ സമയമായി. എന്നാല്‍, പൊലീസ് ഇപ്പോഴും കുറ്റപത്രം സമര്‍പ്പിക്കുകയോ കേസ് റദ്ദാക്കുകയോ ചെയ്തിട്ടില്ല.  2007ല്‍ തൃക്കാക്കര അസി. കമീഷണര്‍ 780/07 നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസില്‍ 58 ദിവസം ജയിലില്‍ കിടന്നു. മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ അന്നത്തെ പൊലീസ് നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നു. രാജ്യദ്രോഹപരമായ ലേഖനം പ്രസിദ്ധീകരിച്ചെന്ന പേരിലാണ് അറസ്റ്റ് ചെയ്തതെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ മറ്റു കാര്യങ്ങളാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്.

ജീവപര്യന്തക്കേസില്‍ ഹൈദരാബാദില്‍ തടവ് അനുഭവിച്ചെന്നും ഭാര്യയെ ചുട്ടുകൊന്ന കേസില്‍ പ്രതിയാണ് എന്നൊക്കെയാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, അതൊന്നും തെളിയിക്കാന്‍ സാധിച്ചില്ല. പൗരന്മാരെ പൊലീസ് നിരീക്ഷണവലയത്തിലാക്കാനാണ് ഇത്തരം കേസ് ചുമത്തുന്നത്. എന്നെയൊക്കെ വാര്‍ധക്യകാലത്താണ് ഈ നിയമത്തില്‍പെടുത്തിയതെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാരെയാണ് പൊലീസ് ഇത്തരം കരിനിയമങ്ങളില്‍ പെടുത്തുന്നത്. ഇത് കടുത്ത അനീതിയാണ്.  അബ്ദുന്നാസിര്‍ മഅ്ദനിയെ ഒമ്പതു വര്‍ഷം തടവിലിട്ട് കുറ്റമുക്തനാക്കിയ സംഭവം ഇതിന് ഉദാഹരണമാണ്. യഥാര്‍ഥത്തില്‍ നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നത് പൊലീസാണ്. യു.എ.പി.എ പോലുള്ള കരിനിയമങ്ങളില്ലാതെ ക്രമസമാധാനം പാലിക്കാന്‍ സാധിക്കും’’ -അദ്ദേഹം പറയുന്നു.
 
ഈ കേസില്‍ രണ്ടു മാസത്തിനുശേഷം 2008 ഫെബ്രുവരി 24ന് ഹൈകോടതി ജാമ്യത്തില്‍ ഗോവിന്ദന്‍കുട്ടി ജയില്‍മോചിതനായെങ്കിലും പൊലീസ് വേട്ടയാടല്‍ തുടര്‍ന്നു. മാവേലിക്കര കേസില്‍ സാക്ഷിമൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് എത്തിയെങ്കിലും സഹകരിച്ചില്ളെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ദേശീയതലത്തില്‍ ന്യൂസ് പേപ്പര്‍ കേസുകള്‍ പരിശോധിക്കുന്ന ട്രൈബ്യൂണലിനെ സമീപിച്ചാണ് മാസികയുടെ നിരോധനം പിന്‍വലിച്ചത്.
ഒമ്പതു വര്‍ഷത്തിലധികമായി കേസ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് കടുത്ത മനുഷ്യാവകാശലംഘനമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി പറയുന്നു.

കേസന്വേഷണം പൂര്‍ത്തിയാകാത്തതിനാലണ് കുറ്റപത്രം സമര്‍പ്പിക്കാത്തതെന്നാണ് പൊലീസ് വിശദീകരണം. നദീറിനെതിരെയും രജീഷ് കൊല്ലങ്കണ്ടിക്കെതിരെയും അടക്കമുള്ള സമീപകാല യു.എ.പി.എ കേസുകളെല്ലാം സമാന രീതിയിലുള്ളതാണ്. 1967ലെ യു.എ.പി.എ നിയമത്തില്‍ പ്രധാന ഭേദഗതി വരുത്തിയപ്പോള്‍ കേന്ദ്രത്തില്‍ ഇടതുപക്ഷം പ്രധാന ഘടകകക്ഷിയായിരുന്നു. അവര്‍ അതിനെ എതിര്‍ത്തില്ളെന്നു മാത്രമല്ല, കേരളത്തില്‍ അവര്‍ ഭരണത്തിലത്തെിയപ്പോഴെല്ലാം ബദല്‍ശബ്ദങ്ങള്‍ക്കെതിരെ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - govindan kutty charged uapa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.