എ.ജിയുടെ തടസവാദങ്ങൾ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ വഖ്ഫ് ബോർഡിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് തടസവാദങ്ങൾ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ വഖ്ഫ് ബോർഡിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. ഇക്കാര്യത്തിൽ ഫിനാൻഷ്യൽ കോഡിലെ മാർഗരേഖകളുടെ ലംഘനം നടന്നതായി പരിശോധനയിൽ കണ്ടെത്തി. അതിനാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ യുക്തമായ നടപടികൾ സംസ്ഥാന വഖ്ഫ് ബോർഡ് സ്വീകരിക്കണെന്ന് ശിപാർശ.

അക്കൗണ്ടന്റ് ജനറലിന്റെ 2008 -2009 മുതലുള്ള ഓഡിറ്റ് റിപ്പോർട്ടിലും സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്മെൻറിന്റെ 1986- 87 മുതലുള്ള ഓഡിറ്റ് റിപ്പോർട്ടിലും നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ബോർഡിൽ ഓഡിറ്റ് ഒബ്ജക്ഷൻ രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ ബോധ്യമായി. നടപടി സ്വീകരിക്കാതെ അവശേഷിക്കുന്നവ സമയബന്ധിതമായി മറുപടി നൽകിയിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. അതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശിപാർശ ചെയ്തത്.

സർക്കാർ ഓഫീസുകളിൽ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം നൽകുന്നത് സംബന്ധിച്ച് വിവര സാങ്കേതിക വകുപ്പിൽ നിന്നും 2020 ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് അനുസരിച്ച് സ്കീമുകൾ പ്രകാരം കുറഞ്ഞ ചെലവിൽ വഖ്ഫ് ബോർഡ് ഓഫീസുകളിലും ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള സാധ്യതയുണ്ട്. വഖ്‌ഫ് ബോർഡിൻറെ ഓഫീസുകളിലെ കണക്ഷൻ സ്പീഡ് സംബന്ധിച്ച ആവശ്യകത വിലയിരുത്തിയശേഷം ബോർഡ് ഉചിതമായ തീരുമാനം കൈക്കൊള്ളമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു ശിപാർശ.

നിലവിലുള്ള നിയമവും ചട്ടവും റഗുലേഷനിലെ വ്യവസ്ഥകളും പ്രകാരം വഖഫ് ബോർഡിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നേരിട്ട് നിയമിതരായിട്ടുള്ളവരെ ബോർഡിലെ ജീവനക്കാരായി പരിഗണിക്കുവാൻ സാധിക്കുകയില്ല. അത്തരത്തിൽ നിയമിക്കപ്പെടുന്ന ആളുകൾക്ക് പെൻഷൻ വ്യവസ്ഥകളൊന്നും തന്നെ സർക്കാർ നിശ്ചയിച്ചു നല്കിയിട്ടില്ലെന്നും പുതുക്കിയ റെഗുലേഷനുകൾ പ്രകാരം വഖഫ് ബോർഡ് ജീവനക്കാർക്ക് ബാധകമായ പെൻഷൻ വ്യവസ്ഥകൾ നേരിട്ട് നിയമിതരാകുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ബാധകമല്ലെന്നും

ഭരണ വകുപ്പ് 2023 മെയ് 11ലെ കത്തിലൂടെ സ‌്ഷ്ടീകരണം നല്കി. അതിനാൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന അബൂട്ടിയുടെ ആശ്രിതനായ മകൻ വി.കെ. മുഹമ്മദ് മുനീറിനു ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരം കുടുംബ പെൻഷൻ അനുവദിച്ച നടപടി ക്രമ പ്രകാരമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അതിനാൽ ഇക്കാര്യത്തിൽ ഭരണവകുപ്പ് പുനപരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

വഖ്‌ഫ് ബോർഡിൽ ക്രമ വിരുദ്ധമായി വാട്ടർ അയണൈസർ വാങ്ങിയ വിഷയത്തിൽ സ്റ്റോഴ്‌സ് പർച്ചേസ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്. 1.74 ലക്ഷം രൂപക്കാണ് വാട്ടർ അയണൈസർ ആണ് വാങ്ങിയത്. അതിൽ 18,000 രൂപ വിലകുറച്ച് ലഭിച്ചുവെന്നാണ് ബോർഡ് നൽകിയ മറുപടി. സ്റ്റോർസ് പർച്ചേഴ്സ് ചട്ടങ്ങൾ പാലിച്ചല്ല ഈ വാങ്ങൽ നടത്തിയതെന്ന് പരിശോധനയിൽ വ്യക്തമായി. ഭാവിയിൽ വഖ്ഫ് ബോർഡിൽ സ്റ്റോർസ് പർച്ചേസ് റൂൾസ്

നിബന്ധനകൾ അനുസരിച്ച് മാത്രമേ വാങ്ങൽ നടക്കുന്നുള്ളുവെന്നു ഉറപ്പു വരുത്തുന്നതിനും ഭരണവകുപ്പു നടപടി സ്വീകരിക്കണെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു. 

Tags:    
News Summary - Action should be taken against the officials of the Waqf Board who failed to settle the disputes of the AG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.