കണ്ണൂർ ജയിലിൽ കഞ്ചാവും മദ്യവും സുലഭം, ജയിൽച്ചാട്ടം സഹതടവുകാർക്ക് അറിയാമായിരുന്നുവെന്നും ഗോവിന്ദച്ചാമിയുടെ മൊഴി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവും മദ്യവും സുലഭമാണെന്നും മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടെന്നും ഗോവിന്ദച്ചാമിയുടെ മൊഴി. ജയിലിൽ കഞ്ചാവും മദ്യവും ലഭിച്ചിരുന്നുവെന്നും താൻ ഉപയോഗിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. താൻ ജയിൽ ചാടുന്ന വിവരം നാല് സഹതടവുകാർക്ക് അറിയാമായിരുന്നു. നാല് പേരുടെ പേരും അന്വേഷണ ഉദ്യോഗസ്ഥരോട് ഗോവിന്ദച്ചാമി പറഞ്ഞു.

ജയിൽ ചാടിയ ശേഷംആദ്യം ഗുരുവായൂരിലേക്കും പിന്നീട് രാത്രിയിൽ തമിഴ് നാട്ടിലേക്ക് പോകാനുമായിരുന്നു പ്ലാൻ. മൊബൈൽ ഉപയോഗിച്ച് പാലക്കാടുകാരൻ ഷെൽവനെ വിളിച്ചു. പുറത്തു നിന്നും ആരും സഹായിച്ചിട്ടില്ലെന്നാണ് ഗോവിന്ദച്ചാമി പറയുന്നത്

ജയില്‍ ചാടുമ്പോള്‍ സെല്ലിനുള്ളില്‍ ഒരാള്‍ കിടന്നുറങ്ങുന്ന തരത്തില്‍ ഡമ്മി തയ്യാറാക്കി വച്ചുവെന്നാണ് കണ്ടെത്തല്‍. ജയിൽ ചാടുമ്പോൾ പുതപ്പും തുണിയും വെച്ച് കിടക്കുന്ന രൂപമുണ്ടാക്കി. ഇതുകണ്ട് ജയിൽ ഉദ്യോഗസ്ഥർ ഗോവിന്ദച്ചാമി ഉറങ്ങുന്നതായി തെറ്റിദ്ധരിച്ചു. ഇതാണ് ജയിൽ ചാടിയ വിവരം അറിയാൻ വൈകാൻ കാരണം എന്നാണ് ഉദ്ദോഗസ്ഥരുടെ മൊഴി.

വെള്ളിയാഴ്ച രാത്രി പുലർച്ചെ 1.10 നാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് പുറത്ത് കടന്നത്. മതിൽ ചാടാനുള്ളെ അവസരം കാത്ത് മൂന്ന് മണിക്കൂറോളം ജയിൽ വളപ്പിൽ ഒളിച്ചിരുന്നു. 4.20 നാണ് ജയിൽ ചാടിയതെന്നും ഉത്തരമേഖല ജയിൽ ഡി.ഐ.ജിയുടെ അന്വേഷണത്തിൽ കണ്ടെത്തി.

അതേസമയം, കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻടൽ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴു മണിയോടെ കനത്ത സുരക്ഷയിലാണ് ഗോവിന്ദ ചാമിയേയും കൊണ്ടുള്ള പ്രത്യേക വാഹനം കണ്ണൂരിൽ നിന്ന് പുറപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ പോരായ്മ കണക്കിലെടുത്താണ് ജയിൽ മാറ്റം. ഇന്നലെ ജയിൽ ഡി.ജി.പിയുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ നടന്ന യോഗത്തിലാണ് ജയിൽ മാറ്റാൻ തീരുമാനിച്ചത്.

കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയില്‍ എന്ന നിലയിലേക്കാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയിലില്‍ ഏകാന്ത സെല്‍ ഒരുക്കിയിട്ടുണ്ട്. 4.2 മീറ്റര്‍ ഉയരവും സി.സി.ടി.വി നിരീക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുള്ള സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക. കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിലെ സെല്ലിൽ കഴിഞ്ഞ ഗോവിന്ദച്ചാമി ഇന്നലെ പുലർച്ചെയാണ് ജയിൽ ചാടിയത്. രാവിലെ പത്തരയോടെ പിടികൂടിയെങ്കിലും ആഭ്യന്തര വകുപ്പിന് നാണക്കേടുണ്ടാക്കി സംഭവം.

Tags:    
News Summary - Govindachamy's statement that cannabis and alcohol were readily available in Kannur jail, and fellow inmates knew about the jailbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.