തിരുവനന്തപുരം: അറിയപ്പെടുന്ന അക്കാദമിഷ്യനും, ചരിത്രകാരനുമായ കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ അറിയിച്ചു. എന്ത് ക്രിമിനല്‍ കുറ്റമാണ് വി.സി ചെയ്‌തത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം.
ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വി.സി. നിയമപരമായും, മാന്യമായും മറുപടി പറയുന്നതിന് പകരം തന്റെ സ്ഥാനത്തിന് യോജിക്കാത്ത തരത്തിലാണ് പ്രതികരിച്ചത്. അത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണം.
അറിയപ്പെടുന്ന ആര്‍.എസ്.എസുകാരെ തന്റെ ജീവനക്കാരായി നിശ്ചയിച്ച് സര്‍ക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റിയ ഗവര്‍ണര്‍ രാജ് ഭവനെ കേവലം ആര്‍.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് അധപ്പതിപ്പിക്കുകയാണ്.
തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം സർവ സീമകളും ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രീയ ഇടപെടലുകള്‍ ആരെ പ്രീതിപ്പെടുത്താനുള്ളതാണെന്ന് ഗവര്‍ണറാണ് വ്യക്തമാക്കേണ്ടത്. ഈ ഭരണത്തിന്‍ കീഴില്‍ ഔന്നത്ത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഗവര്‍ണര്‍ക്കുള്ള വിഷമം മനസിലാക്കാവുന്നതേയുള്ളൂ. എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങിലും, അക്രഡിറ്റേഷനിലും കേരളത്തിലെ സർവകലാശാലകളും, കോളജുകളും നിലവാരം മെച്ചപ്പെട്ടുവരുന്നത് സര്‍ക്കാര്‍ ഇടപെടലിന്റെ കൂടി ഭാഗമായിട്ടാണ്. അതുപോലെ പൊതു വിദ്യാഭ്യാസ രംഗത്തും കേരളം കുതിപ്പിന്റെ പാതയിലാണ്. ഈ നേട്ടങ്ങളെ കാണാനും, അംഗീകരിക്കാനും ഗവര്‍ണര്‍ക്ക് സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.
രാഷ്‌ട്രപതി-ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് മുമ്പേ ബോധപൂര്‍വ്വമുള്ള പ്രസ്‌താവനകളും, പ്രകോപനപരമായ ഇടപെടലുകളും ഗവണ്‍മെന്റിനെതിരായി ഗവര്‍ണറുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്ത് ഉദ്ദേശത്തിലായിരുന്നു എന്നത് വ്യക്തമാണ്.മുഖ്യമന്ത്രി 2021 ഡിസംബർ 12ന് നടത്തിയ വാർത്താസമ്മേളനം ഗവര്‍ണറെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു.
``ഗവര്‍ണറുമായി ഏറ്റുമുട്ടുക സര്‍ക്കാരിന്റെ നയമല്ല. ഗവര്‍ണര്‍ ഉന്നയിക്കുന്ന ഏത് വിഷയവും ചര്‍ച്ചയാകാം, അതിലൊന്നും പിടിവാശിയില്ല. ബഹു. ഗവര്‍ണര്‍ നിയമസഭ പാസ്സാക്കിയ ചാന്‍സിലര്‍ സ്ഥാനം ഉപേക്ഷിക്കരുത്. അദ്ദേഹം ചാന്‍സിലര്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാരിന്റേയും, സർവകലാശാലയുടേയും ശ്രമങ്ങള്‍ക്ക് മാർഗ നിര്‍ദ്ദേശവും, നേതൃത്വവും നല്‍കാന്‍ ഉണ്ടാകണമെന്നാണ് വിനീതമായി അഭ്യർഥിക്കുകയാണ്''. മുഖ്യമന്ത്രി ചെയ്തത്.
ഈ അഭ്യര്‍ത്ഥന ഇടത് നയത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഗവര്‍ണര്‍ ഈ അഭ്യര്‍ത്ഥനയ്‌ക്ക് അര്‍ഹനല്ല എന്നതാണ് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലൂടെ അദ്ദേഹം കേരളത്തെ ബോധ്യപ്പെടുത്തിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.