കെ.എസ്.എഫ്.ഡി.സിയുടെ മുഖം മാറ്റുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകും- സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിലുള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) മുഖം മാറ്റാനുള്ള നിരവധി പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാൻ. സംസ്ഥാന സർക്കാരിന്റെ പട്ടികജാതി-വർഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഡി.സി നിർമിച്ച് വി.എസ്. സനോജ് സംവിധാനം ചെയ്ത 'അരിക്' എന്ന ചിത്രത്തിന്റെയും മനോജ് കുമാർ സി.എസ് സംവിധാനം ചെയ്ത 'പ്രളയശേഷം ഒരു ജലകന്യക' എന്ന ചിത്രത്തിന്റെയും പ്രദർശനോദ്ഘാടനം ശ്രീ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

കെ.എസ്.എഫ്.ഡി.സിക്ക് കീഴിലുള്ള തിയേറ്ററുകൾ ആധുനികവൽക്കരിക്കുന്ന പദ്ധതികൾ നടക്കുകയാണ്. ഇന്ത്യയിലെ മികച്ച ഷൂട്ടിങ് കേന്ദ്രമായി ചിത്രാഞ്ജലി സ്റ്റുഡിയോ മാറ്റുന്നതിനുള്ള നവീകരണപ്രവർത്തനങ്ങൾ 150 കോടി ചെലവിട്ട് നടപ്പാക്കി വരികയാണ്. സിനിമ മേൽനോട്ടവും നിർമാണവും മാത്രമല്ല അതിന്റെ വിതരണ മേഖലകളിലെ സേവനങ്ങൾ കൂടി നിർവഹിക്കുന്ന നിലയിൽ കെ.എസ്.എഫ്.ഡി.സി മാറും. രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന തരത്തിൽ ഒരു സിനിമ നിർമ്മിച്ചു പുറത്തിറക്കാൻ കെഎസ്എഫ്ഡിസി മുൻകൈയെടുക്കും.

സിനിമയുടെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി പ്രൊഡക്ഷൻ മാനേജ്‌മെന്റ്‌, റൈറ്റിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ, സൂപ്പർവിഷൻ, മാർക്കറ്റിങ് എന്നിവയിൽ പരിശീലനം നൽകുന്നതിനു വേണ്ടി ചലച്ചിത്ര അക്കാദമി നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിനിമ വെറുമൊരു ആശയവിനിമയം മാത്രമല്ല, അതിനെ വ്യവസായമായി രൂപാന്തരപ്പെടുത്തുന്ന നയം നടപ്പിലാക്കുന്ന ലക്ഷ്യത്തിലേക്ക് നമ്മൾ അടുക്കുകയാണ്. സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷിതത്വം, അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം, തൊഴിൽ ലഭ്യത, പ്രോത്സാഹനം എന്നിവയിൽ സർക്കാർ മുഖ്യപങ്ക് വഹിക്കുമെന്നു മന്ത്രി പറഞ്ഞു.

വനിതകളെയും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേഖലയിൽ നിന്നും രണ്ടുവീതം തിരക്കഥകൾക്ക് സിനിമയാക്കാൻ ഒന്നരക്കോടി രൂപ വീതം ആറു കോടി രൂപ അനുവദിച്ചത്. വനിതാ വിഭാഗത്തിലെ നാല് സിനിമകൾ മുൻപ് റിലീസ് ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലെ നമ്മുടെ മികച്ച കലാകാരന്മാരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കാനായതിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.

ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, മാനേജിങ് ഡയറക്ടർ പ്രിയദർശനൻ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Government will proceed with measures to change the face of KSFDC- Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.