കൊലയാളികളെ രക്ഷിക്കാൻ നികുതിപ്പണം ധൂർത്തടിച്ച സർക്കാർ മാപ്പു പറയണം -കെ. സുധാകരൻ

പെരിയ ഇരട്ടക്കൊലക്കേസിലെ കൊലയാളികളെ രക്ഷിക്കാൻ നികുതിപ്പണം ധൂർത്തടിച്ച ഇടത് സർക്കാർ മാപ്പു പറയണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. സമൂഹത്തോട് ബഹുമാനവും പ്രതിബദ്ധതയുമുള്ള ഒരു സർക്കാറാണെങ്കിൽ യഥാർഥ പ്രതികളെ പിടിക്കാനായുള്ള അന്വേഷണം തടയാൻ സുപ്രീംകോടതി വരെ പോയി ഖജനാവിലെ പണം ധൂർത്തടിക്കില്ല. എ.കെ.ജി മന്ദിരത്തിൽ നിന്നോ അഴീക്കോടൻ മന്ദിരത്തിൽ നിന്നോ കൊണ്ടുവരുന്ന കാശല്ല ചെലവഴിക്കുന്നത്. മന്ത്രിമാരുടെ വീടുകളിൽ നിന്ന് കൊണ്ടുവരുന്ന പണമല്ല. സാധാരണക്കാരുടെ നികുതിപ്പണമാണ്. കൊലയാളികളെ രക്ഷിക്കാൻ നികുതിപ്പണം ചെലവിട്ട സർക്കാർ കേരള സമൂഹത്തോട് മാപ്പു പറയണം -സുധാകരൻ പറഞ്ഞു.

സി.ബി.ഐ അന്വേഷണത്തിലൂടെ കേസിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. സി.പി.എമ്മിന്‍റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ പ്രതിയാണ്. പകൽ പോലെ വ്യക്തമായ കാര്യങ്ങളാണ് നടന്നത്. കൊല നടന്ന ശേഷം പ്രതികൾ പാർട്ടി ഓഫിസിൽ തമ്പടിച്ചതൊക്കെ നൂറുകണക്കിനാളുകൾ കണ്ടതാണ്. ജനം കണ്ടുനിന്ന കാര്യങ്ങളാണ് നടന്നത്. അങ്ങനെയൊരു കൊലപാതകമാണ് കേരളത്തിലെ പൊലീസിനെ കൊണ്ട് അന്വേഷിപ്പിച്ച് ഇല്ലാതാക്കാൻ നാണംകെട്ട സർക്കാർ ശ്രമിച്ചത്.

വലിയ ഗൂഢാലോചനയുടെ ഫലമാണ് പെരിയ ഇരട്ടക്കൊല. താഴെത്തട്ടിലെ പ്രവർത്തകർ ചെയ്തതല്ല. സി.പി.എമ്മിന്‍റെ കോട്ടകൊത്തളത്തിൽ രാഷ്ട്രീയപ്രവർത്തനം നടത്തിയ രണ്ട് കുട്ടികൾ നിലനിൽക്കുന്നത് അപകടമാണെന്ന് കണ്ടാണ് ഇല്ലാതാക്കിയത്. അറസ്റ്റ് ഇവിടെയൊന്നും നിൽക്കില്ല. ഇനിയും മുകളിലോട്ട് പോകും. അപ്പോഴാണ് യഥാർഥ പ്രതി ആരാണെന്ന് ഈ നാട് മനസിലാക്കുകയെന്നും സുധാകരൻ പറഞ്ഞു. 

Tags:    
News Summary - Government should apologize for embezzling tax money to save killers -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.