അഭിപ്രായം രണ്ടുണ്ട്...
രാഷ്ട്രീയകാര്യ സമിതി യോഗത്തിനെത്തിയ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംഭാഷണത്തിൽ - പി.ബി. ബിജു
രാഷ്ട്രീയകാര്യ സമിതി യോഗത്തിനെത്തിയ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംഭാഷണത്തിൽ - പി.ബി. ബിജു
തിരുവനന്തപുരം: സർക്കാർ-ഗവർണർ വിവാദത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തണമെന്ന പ്രതിപക്ഷനേതാവിന്റെ നിലപാടിന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പൊതുസ്വീകാര്യത. വൈസ് ചാൻസലർ, അധ്യാപക നിയമനങ്ങളിൽ സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ ഉയർത്തിക്കൊണ്ടുവരണമെന്ന ധാരണയാണ് യോഗത്തിലുണ്ടായത്. അതേസമയം, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉയർത്തിക്കാട്ടിയ ഡി.ലിറ്റ് വിവാദവും ഇതോടൊപ്പം ചൂണ്ടിക്കാട്ടും. കണ്ണൂർ വി.സി നിയമനത്തിൽ ചട്ടം ലംഘിച്ച് ഗവർണർക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി നൽകിയ കത്ത് പുറത്തുവിട്ടത് ചെന്നിത്തലയാണ്. അതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു.
വിഷയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും ചെന്നിത്തലയുടെയും നിലപാടുകളിലെ വൈരുധ്യം യോഗത്തിൽ തർക്കത്തിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഉണ്ടായില്ല. മന്ത്രിയുടെ നിയമവിരുദ്ധ കത്ത് പുറത്തുവിട്ടതിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.ലിറ്റ് വിഷയവും ഉയർത്തിയതെന്ന് ചെന്നിത്തല യോഗത്തിൽ വിശദീകരിച്ചു. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാലക്ക് ഗവർണർ കത്ത് നൽകുകയോ അക്കാര്യം അദ്ദേഹം പരസ്യമാക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ വിഷയം ചർച്ചചെയ്യേണ്ടതില്ലെന്ന് പി.ജെ. കുര്യൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾക്ക് ഗവർണർ മറുപടി നൽകിയതുമില്ല. കുര്യന്റെ വാദം പൊതുവെ യോഗം സ്വീകരിക്കുകയായിരുന്നു.
ഡി.സി.സി, ബ്ലോക്ക് കമ്മിറ്റി പുനഃസംഘടന ഒരാഴ്ചക്കകം പൂർത്തീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് ഉറപ്പുനൽകി. ഇക്കാര്യത്തിൽ ജില്ലകളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ കെ.പി.സി.സിക്ക് കൈമാറാൻ ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരോട് ആവശ്യപ്പെടും. നിർദേശിക്കപ്പെടുന്ന പേരുകളിൽനിന്ന് ഒഴിവാക്കപ്പെടേണ്ടവരുടെ കാര്യത്തിൽ കെ.പി.സി.സി ആകും തീരുമാനമെടുക്കുക. രാഷ്ട്രീയപ്രവർത്തനത്തിന് അനുമതിയുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരെ ജില്ല ഭാരവാഹികളാകുന്നതിൽനിന്ന് മാറ്റിനിർത്തേണ്ടെന്ന അഭിപ്രായം ഉയർന്നു. അതിന്റെ അടിസ്ഥാനത്തിൽ ഭാരവാഹി നിയമനത്തിന് തയാറാക്കിയ മാനദണ്ഡത്തിൽ ഭേദഗതിവരുത്തുന്നത് പരിഗണിക്കും.
രാഷ്ട്രീയകാര്യസമിതിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്ന് കെ. സുധാകരൻ ഉറപ്പുനൽകി. കെ.പി.സി.സി എക്സിക്യൂട്ടിവിൽ പ്രത്യേക ക്ഷണിതാക്കളായ രാഷ്ട്രീയകാര്യ സമിതിയംഗങ്ങളെ സ്ഥിരം ക്ഷണിതാക്കളാക്കാൻ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.