പ്രതീകാത്മക ചിത്രം (എ.ഐ നിർമ്മിതം)
ഭൂപരിഷ്കരണം 2.0; സമിതിയെ നിശ്ചയിച്ച് സർക്കാർ
കൊച്ചി: സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഭൂപരിഷ്കരണം 2.0നെ (രണ്ടാം ഭൂപരിഷ്കരണം) കുറിച്ച് പഠിക്കുന്നതിന് സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. റിട്ട. ലാൻഡ് റവന്യൂ കമീഷണർ എ.ടി. ജെയിംസ് ആയിരിക്കും സമിതി അധ്യക്ഷൻ. മുൻ ഗവ. പ്ലീഡർ എ. അലോഷ്യസ് തോമസ്, റിട്ട. ഡെപ്യൂട്ടി കലക്ടർ എം.എസ്. സാം, നിയമവകുപ്പ് ജോയന്‍റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ, ലാൻഡ് ബോർഡ് സെക്രട്ടറി എന്നിവർ സമിതി അംഗങ്ങളായിരിക്കും. ലാൻഡ് ബോർഡ് സെക്രട്ടറിയായിരിക്കും സമിതി സെക്രട്ടറി.
നിലവിലെ ഭൂപരിഷ്‌കരണ നിയമത്തിൽ എന്തെല്ലാം മാറ്റം വരുത്താമെന്ന് പഠിക്കുന്നതിനാണ് സമിതിക്ക് രൂപം നൽകിയത്. സമിതിയെ നിയോഗിച്ചുകൊണ്ടും പരിഗണനാവിഷയങ്ങൾ നിശ്ചയിച്ചും സർക്കാർ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. രണ്ടുവർഷത്തിനകം പുതിയ നിയമം കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 1970 ജനുവരി ഒന്നിന് നിലവിൽ വന്ന ഇപ്പോഴത്തെ ഭൂപരിഷ്കരണ നിയമത്തിൽ പട്ടിക ജാതിക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി നിയമത്തിന്‍റെ ഗുണഫലം ലഭിക്കാതെ പാർശ്വവൽക്കരിക്കപ്പെട്ടവരുണ്ട്.
അവർക്ക് എങ്ങനെ ഭൂമി ലഭ്യമാക്കാമെന്നതിനാണ് മുൻഗണന. ഭൂപരിഷ്കരണ നിയമത്തിന്‍റെ ഗുണഭോക്താക്കൾ കൂടിയാന്മാരായിരുന്നു. കൂടിയാന്മാർ പോലും അല്ലാതിരുന്നവരാണ് പിന്തള്ളപ്പെട്ടതെന്ന് റവന്യുമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞിരുന്നു. തോട്ടം മേഖല ഒഴികെ മറ്റെല്ലായിടത്തും കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി നിജപെടുത്തി. തോട്ട ഭൂമി ആയിരക്കണക്കിന് ഏക്കറാണെങ്കിൽ പോലും കൈവശംവെക്കാം. അതിൽ എന്ത് മാറ്റം വരുത്താൻ കഴിയുമെന്ന് പരിശോധിക്കുന്നതിനാണ് സർക്കാർ സമിതിയെ നിയോഗിക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സർക്കാർ വകുപ്പുകളുടെ കൈവശമുള്ള അധികഭൂമി കണ്ടെത്തി നിക്ഷേപകർ, വ്യവസായ സംരംഭകർ, ഭവനരഹിതരായ തോട്ടം തൊഴിലാളികൾ തുടങ്ങിയവർക്ക് നൽകുക, പുതുതായി എത്തുന്ന നിക്ഷേപകർക്ക് എങ്ങനെ ഭൂമി കണ്ടെത്താം, വ്യവസായങ്ങൾക്കായി ഭൂമി തരംമാറ്റുന്നതിനുളള തടസ്സങ്ങൾ പരമാവധി ഒഴിവാക്കൽ, കാലഹരണപ്പെട്ട ഭൂനിയമങ്ങൾ ഭേദഗതി ചെയ്യൽ, വൻകിട പദ്ധതികൾക്കായി ‘ലാൻഡ് പൂളിങ്’ സംവിധാനം, തീരദേശവാസികൾക്കും മലയോര കർഷകർക്കും പട്ടയം നൽകുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവ പുതുതായി നിയോഗിക്കുന്ന സമിതിയുടെ പരിഗണന വിഷയങ്ങൾ ആയിരിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.