തിരുവനന്തപുരം: ജില്ല കോടതിയിലെ ആർ.ഡി.ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ മോഷ്ടിച്ച സംഭവത്തിൽ ചെസ്റ്റിന്റെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്ന മുൻ സീനിയർ സൂപ്രണ്ട് പിടിയിൽ. ബാലരാമപുരം മരുതൂർക്കോണം സ്വദേശി എസ്. ശ്രീകണ്ഠൻ നായരെ(56) യാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
ആർ.ഡി.ഒ കോടതിയിൽ ചെസ്റ്റിന്റെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നപ്പോൾ 105 പവൻ സ്വർണവും 147.5 ഗ്രാം വെള്ളിയും 47500 രൂപയും മോഷ്ടിച്ചുവെന്നാണ് കേസ്. സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് മോഷ്ടിച്ചതെന്നാണ് പ്രതി പറയുന്നത്. എന്നാൽ, മുഴുവൻ തൊണ്ടിമുതലും മോഷ്ടിച്ചത് താനല്ല എന്ന നിലപാടിലാണ് ഇയാൾ. സബ് കലക്ടർ എം.എസ്. മാധവിക്കുട്ടി നൽകിയ പരാതിയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്. സബ്കലക്ടർ നടത്തിയ അന്വേഷണഫലം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും അറസ്റ്റ് വൈകി.
നിലവിൽ പേരൂർക്കട പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് വിടാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല. അതാണ് അറസ്റ്റ് ചെയ്യുന്നതിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. തൊണ്ടിമുതലിലെ 12 പവൻ സ്വർണം പൊലീസ് കണ്ടെത്തി. ബാലരാമപുരത്തെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ചാലയിലെ ജ്വല്ലറിയിലും സ്വർണം വിറ്റെന്ന് മൊഴി നല്‍കിയിട്ടുണ്ട്.
അസ്വാഭാവികമായി മരിച്ചവരുടെ മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നത് ആർ.ഡി.ഒ കോടതിയിലെ സീനിയർ സൂപ്രണ്ടിന്റെ മുറിയിലെ ചെസ്റ്റിലാണ്. 2020 ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിലാണ് മോഷണം. സ്വർണം പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചതായും കണ്ടൈത്തിയിട്ടുണ്ട്. 11 ലക്ഷം രൂപയുടെ സ്വർണം പണയപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.