സ്വർണക്കടത്ത് കേസ്:സ്വപ്നയെ ഇ.ഡി വിളിപ്പിക്കും; വിവരം തേടാൻ കസ്റ്റംസും

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവർക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടർ നീക്കങ്ങളുമായി എൻഫോഴ്സ്മന്‍റെ് ഡയറക്ടറേറ്റും കസ്റ്റംസും. സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി ഉടൻ കോടതിയെ സമീപിക്കും. ശേഷം സ്വപ്നയെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് തീരുമാനം. തുടർന്നായിരിക്കും വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് വിശദമായി കടക്കുക. സ്വപ്ന സുരേഷ് ആരോപിക്കുന്നത് ശരിയെങ്കിൽ, മുഖ്യമന്ത്രി വിദേശത്തേക്ക് കടത്തിയ ബാഗിലുണ്ടായിരുന്നത് കള്ളപ്പണമാണോയെന്നത് സംബന്ധിച്ചാണ് ഇ.ഡി അന്വേഷണം നടത്തുക.

നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇ.ഡി അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയത്. കോടതിക്ക് സ്വപ്ന സുരേഷ് നേരിട്ട് നല്‍കിയ മൊഴി ആയതിനാല്‍ ഇ.ഡിക്ക് എതിര്‍പ്പില്ലാതെ ഇതിന്‍റെ പകർപ്പ് ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2020 ഡിസംബറിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ രഹസ്യമൊഴിയെടുത്തിരുന്നു. ഇത് ഇ.ഡി ഉദ്യോഗസ്ഥർ കസ്റ്റംസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം കോടതി തള്ളി. 2021 നവംബർ 11നാണ് സ്വപ്ന സുരേഷിനെ ഇ.ഡി കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. പിന്നീട് ഇതുവരെ മൊഴിയെടുത്തിട്ടില്ല.

എൻഫോഴ്സ്മന്‍റെ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം തുടരുമ്പോൾ, എൻ.ഐ.എയും കസ്റ്റംസും കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയെങ്കിലും സ്വപ്നയിൽനിന്ന് പുതിയ വിവാദങ്ങളിൽ വിവരം തേടാനാണ് കസ്റ്റംസിന്‍റെ തീരുമാനം. കോൺസുലേറ്റിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ട ബിരിയാണി പാത്രത്തിൽ ലോഹ വസ്തുക്കളുമുണ്ടായിരുന്നുവെന്ന ആരോപണത്തിലാണ് കസ്റ്റംസ് മൊഴി ശേഖരിക്കുക.

അതേസമയം, കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നത് സംബന്ധിച്ച് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്‍ കമീഷന്‍റെ കാലാവധി സർക്കാർ നീട്ടി നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന അന്വേഷണങ്ങൾ മുന്നിൽകണ്ടുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

Tags:    
News Summary - Gold smuggling case: ED summons top swpna suresh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.