ഗോവ അപകടം: മക്കൾ മരിച്ചതറിയാതെ പൊടിയനും തങ്കച്ചിയും

ആറാട്ടുപുഴ: ഓമനിച്ചുവളർത്തിയ രണ്ട്​ മക്കളും മരിച്ച സങ്കടവാർത്ത മാതാപിതാക്കളോട് പറയാൻ ബന്ധുക്കൾക്കോ അയൽക്കാർക്കോ ധൈര്യം വന്നില്ല. ചെറിയ എന്തോ അപകടമുണ്ടായെന്ന് മാത്രം വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പൊടിയനും തങ്കച്ചിയും.

കഴിഞ്ഞ ദിവസം രാത്രി ഗോവയിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് യുവാക്കളിൽ രണ്ടുപേർ സഹോദരങ്ങളാണ്. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ പൊടിയൻ-തങ്കച്ചി ദമ്പതികളുടെ മക്കളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരുടെ വിയോഗ വാർത്ത രാത്രി വൈകിയും മാതാപിതാക്കളെ അറിയിച്ചിട്ടില്ല.

മത്സ്യത്തൊഴിലാളിയായ പൊടിയ​ന്‍റെ പ്രതീക്ഷയായിരുന്നു വിഷ്ണുവും കണ്ണനും. മക്കൾ പഠിച്ചുവലുതാകുന്നത് കണ്ട് പൊടിയനും തങ്കച്ചിയും ഏറെ സന്തോഷിച്ചു. പ്രതിസന്ധികൾക്കിടയിൽ ഏറെ കഷ്ടപ്പെട്ട് പഠിച്ച് 19ാം വയസ്സിൽ വിഷ്ണു നേവിയിൽ ജോലി നേടി. വീടിനടുത്തുതന്നെ 18 സെൻറ് സ്ഥലവും അതിൽ വീടും നിർമിച്ചുവരുകയാണ്​. നാട്ടിൽതന്നെയുള്ള നല്ലാണിക്കൽ സ്വദേശിനിയുമായി വിഷ്ണുവി‍െൻറ വിവാഹം മാർച്ച് 23ന് നടത്താനും നിശ്ചയിച്ചിരുന്നു. ഒരുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ വിഷ്ണു വീട് നിർമാണം പെട്ടെന്ന് തീർക്കാനുള്ള പരിശ്രമത്തിലായിരുന്നു. വിവാഹത്തോടെ പുതിയ വീട്ടിലേക്ക് മാറാനുള്ള തയാറെടുപ്പിലായിരുന്നു.


ബിരുദത്തിനുശേഷം പൊലീസ് ടെസ്റ്റ് എഴുതാനുള്ള പരിശ്രമത്തിലായിരുന്നു കണ്ണൻ. വിഷ്ണുവിനോടൊപ്പം നിഴലായി സഹോദരൻ കണ്ണനും ഉണ്ടായിരുന്നു. വിഷ്ണു അവധിക്ക് നാട്ടിൽവന്നാൽ ഇവർ ഒരുമിച്ച് മാത്രമേ എവിടെയും പോകുക. നല്ല സ്വഭാവത്തിന് ഉടമകളായിരുന്നു ഇവരെന്ന് നാട്ടുകാർ പറഞ്ഞു. അവസാന യാത്രയിലും അവർ ഒരുമിച്ചു. ചൊവ്വാഴ്ചയാണ് ഇവർ ഗോവയിലേക്ക് തിരിച്ചത്. യാത്രക്കൊരുങ്ങി നിൽക്കുന്ന മക്കൾക്ക്​ ചോറുവാരിക്കൊടുത്താണ് തങ്കച്ചി യാത്രയാക്കിയത്.

വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ദേശീയപാത 66 ബിയിൽ സുവാരി ഗേറ്റിനു സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിഷ്ണു, കണ്ണൻ, വലിയഴീക്കൽ അയ്യത്ത് തെക്കതിൽ ചന്ദ്രദാസ് -മിനി ദമ്പതികളുടെ മകൻ നിതിൻ ദാസ്​ (25) എന്നിവരാണ്​ മരിച്ചത്​. ഇവരുടെ സുഹൃത്തുക്കളായ വലിയഴീക്കൽ തെക്കടത്ത് അഖിൽ (24) പുത്തൻപറമ്പിൽ വിനോദ് കുമാർ (24) എന്നിവരെ ഗുരുതര പരിക്കുകളോടെ ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - goa accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.