മഞ്ചേരി മെഡിക്കൽ കോളജിൽ ആശുപത്രി മാലിന്യം ആംബുലൻസിൽ കൊണ്ടുവരുന്നു
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ആശുപത്രി മാലിന്യം കൊണ്ടുപോകുന്നത് ആംബുലൻസിൽ. രോഗികൾക്ക് യഥാസമയം ആംബുലൻസ് ലഭിക്കാതിരിക്കുമ്പോഴാണ് അധികൃതരുടെ ഈ തെറ്റായ നടപടി. വെള്ളിയാഴ്ച ഉച്ചക്കുശേഷം ആംബുലൻസ് മാർഗം മാലിന്യം എത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചോദ്യം ചെയ്തു.
ആശുപത്രിയിൽ രോഗികൾക്കുള്ള പൊതിച്ചോർ വിതരണം ചെയ്യുന്നതിനിടെയാണ് ഇവർ ഈ കാഴ്ച കണ്ടത്. ആശുപത്രിയിലെ മാലിന്യം കൊണ്ടുപോകാൻ രണ്ട് സ്വകാര്യ ഏജൻസികളാണ് കരാർ എടുത്തിട്ടുള്ളത്. അത്യാഹിത വിഭാഗത്തിന് പരിസരത്തെ മാലിന്യ സൂക്ഷിപ്പുകേന്ദ്രത്തിൽ നിന്നാണ് ഇവർ മാലിന്യം എടുക്കുക. ഇവിടേക്ക് മാലിന്യം എത്തിക്കേണ്ടത് ആശുപത്രി അധികൃതരാണ്.
എല്ലാ ബ്ലോക്കുകളിലെയും മാലിന്യം കവറുകളിൽ നിറച്ച് ആംബുലൻസിൽ കയറ്റിയാണ് സൂക്ഷിപ്പു കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്. ആംബുലൻസിനകത്ത് രോഗികളെ കിടത്തുന്ന സ്ട്രെച്ചറിൽ പോലും മാലിന്യം വെക്കുന്ന കാഴ്ചയാണ്. ഇതിന് പുറമെ അത്യാഹിത വിഭാഗത്തിലെ വീൽചെയറിലും ട്രോളിയിലും അടക്കം മാലിന്യങ്ങൾ കൊണ്ടുപോകുന്നതായി രോഗികൾ പറഞ്ഞു.
രോഗികൾക്ക് വേണ്ടിയല്ലാതെ ആംബുലൻസ് എടുക്കരുതെന്ന് നിർദേശമുണ്ടെങ്കിലും അതൊന്നും ബാധകമല്ലെന്ന മട്ടിലാണ് ആശുപത്രിയിലെ കാര്യം. മാലിന്യം കൊണ്ടുപോകാൻ മറ്റു വാഹനങ്ങളില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.