നിലമ്പൂർ: നിലമ്പൂരിൽ വീണ്ടും കഞ്ചാവ് വേട്ട. പത്തര കിലോയോളം കഞ്ചാവുമായി രണ്ട് എൻജിനീയറിങ് വിദ‍്യാർഥികൾ അറസ് റ്റിലായി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് വാളയാർ കഞ്ചിക്കോട് എൻ. വിജയകുമാർ (24) , പത്തനംതിട്ട തിരുവല്ല കടപ്ര സ്വദേശി അനന്തുരാജ് എന്ന അനന്തു (22) എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, നിലമ്പൂർ സി.െഎ കെ.എം. ബിജു, ടൗൺ ഷാഡോ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് വ ്യാഴാഴ്ച വൈകീട്ട് മൂന്നിന് മൈലാടി പാലത്തിന് സമീപം ഇവർ പിടിയിലായത്. കോയമ്പത്തൂർ ചാവടിയിലെ എൻജിനീയറിങ് മൂന്നാംവർഷ വിദ‍്യാർഥികളാണ് ഇരുവരും.
പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കഞ്ചാവ് മൊത്തവിതരണ മാഫിയ കാരിയർമാരാക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ അറിയിച്ചു. പുകവലി ശീലമുള്ള വിദ‍്യാർഥികളെ കണ്ടെത്തി ആദ‍്യം സൗജന‍്യമായി ലഹരി ഉൽപന്നങ്ങൾ നൽകും. പിന്നീട് ഇതേക്കുറിച്ച് പറഞ്ഞ് ഭീഷണിപ്പെടുത്തിയും മറ്റും ഇവരെ കാരിയറുകളാക്കുകയാണ്. ഇവർക്ക് ബൈക്കും കാറുമെല്ലാം നൽകിയാണ് കേരളത്തിെൻറ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്താൻ ഉപയോഗിക്കുകയാണ്.
രണ്ടര കിലോയോളം വരുന്ന ഒരു കവറിന് 2000 മുതൽ 3000 രൂപ വരെ പ്രതിഫലം നൽകുന്നു. പ്രതികളിൽനിന്ന് രണ്ടര കിലോയോളം വരുന്ന അഞ്ച് കവറുകളാണ് പൊലീസിന് ലഭിച്ചത്. കോയമ്പത്തൂരിലെ മുജീബ് ഭായി എന്ന മൊത്തവിതരണക്കാരെൻറ കരിയറുകളായാണ് ഇവർ പ്രവർത്തിക്കുന്നത്. ഇയാൾക്കെതിരെ കോയമ്പത്തൂരിലെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്.
അന്വേഷണം കോയമ്പത്തൂരിലേക്ക് വ‍്യാപിപ്പിക്കുമെന്ന് നിലമ്പൂർ സി.ഐ കെ.എം. ബിജു പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ‍്യാർഥികളുടെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ നിലമ്പൂർ അഡീഷണൽ എസ്.െഎ അഷ്റഫ്, ടൗൺ ഷാഡോ ടീം അംഗങ്ങളായ സി.പി. മുരളി, എൻ.ടി. കൃഷ്ണകുമാർ, ടി. ശ്രീകുമാർ, എം. മനോജ് കുമാർ, മുഹമ്മദ് ഷാഫി, പ്രദീപ് കുമാർ, മാത‍്യു, വനിത സിവിൽ പൊലീസ് ഓഫിസർ റഹിയാനത്ത് എന്നിവരുമുണ്ടായിരുന്നു.
കൊറിയറായും ഓൺലൈനായും ലഹരി വസ്തുക്കൾ കേരളത്തിലേക്ക്
നിലമ്പൂർ: ഇതരസംസ്ഥാനങ്ങളിൽനിന്ന് ഓൺലൈനായും കൊറിയർ വഴിയും ലഹരി വസ്തുക്കൾ കേരളത്തിലെത്തുന്നതായി പൊലീസ്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ കൊറിയർ സർവിസുകൾ പൊലീസിൻെറ നിരീക്ഷണ വലയത്തിലാവും. കഞ്ചാവ്, ബ്രൗൺഷുഗർ, പെത്തടിൻ തുടങ്ങിയ ലഹരി വസ്തുക്കളാണ് കൊറിയർ വഴി കേരളത്തിലെത്തുന്നത്. ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നുമാണ് കൂടുതലായി ഇവ എത്തുന്നത്. മേൽവിലാസക്കാരന് മാത്രമെ കൊറിയർ കൈമാറുകയുള്ളൂവെന്നതാണ് ലഹരി മാഫിയ സുരക്ഷിതവും സൗകര‍്യമായും കാണുന്നത്. ഓൺലൈൻ വഴി സ്റ്റാമ്പ് ലഹരി വസ്തുകളാണ് വരുന്നത്. അയക്കുന്ന ആളുകളുടെ മേൽവിലാസം വ‍്യാജമാവുമെന്നതിനാൽ ഇവരെ പിടികൂടുക പ്രയാസകരമാണ്. ഓൺലൈനായും കൊറിയറായും ലഹരി അയക്കാൻ വിദ‍്യാർഥികളെയാണ് ലഹരി മാഫിയ ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.