കുറ്റിപ്പുറം: വാട്സ്ആപ് ഗ്രൂപ് വഴി കഞ്ചാവ് വിൽപന നടത്തുന്ന മൂന്നുപേരെ കുറ്റിപ്പുറത്ത് എക്സൈസ് സംഘം പിടികൂടി. കോട്ടക്കൽ, പുത്തനത്താണി, രണ്ടത്താണി മേഖലകളിൽ ആന്ധ്രയിൽനിന്ന് കഞ്ചാവ് എത്തിക്കുന്ന രണ്ടത്താണി സ്വദേശി അപ്പക്കാട്ടിൽ ഫൈസൽ (24), ആതവനാട് പറമ്പൻ വീട്ടിൽ റഷീദ് (47), അനന്താവൂർ ചിറ്റകത്ത് മുസ്തഫ (42) എന്നിവരാണ് 4.5 കിലോ കഞ്ചാവുമായി പിടിയിലായത്.
ആവശ്യക്കാരെന്ന വ്യാജേനയെത്തിയ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ നാലംഗസംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്നുപേരെ പിടികൂടുകയായിരുന്നു. 4.5 കിലോ കഞ്ചാവും 17,000 രൂപയും മൂന്നു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ പ്രധാനി പൂവൻചിന സ്വദേശി പെൽപ്പത്ത് വീട്ടിൽ സക്കീബ് (24) ഓടിരക്ഷപ്പെട്ടു.
കോട്ടക്കൽ കേന്ദ്രീകരിച്ച് ജില്ലയിലേക്ക് ട്രെയിൻ മാർഗം കഞ്ചാവെത്തിക്കാൻ ഇരുപതോളം യുവാക്കൾ സക്കീബിന് കീഴിലുണ്ട്. ഇയാൾ അഡ്മിനായ ‘ഫുൾ ഓൺ ഫുൾ പവർ’ എന്ന വാട്സ്ആപ് ഗ്രൂപ് എക്സൈസിെൻറ നിരീക്ഷണത്തിലായിരുന്നു. ഗ്രൂപ്പിൽനിന്ന് സംഘത്തെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. വിൽപനക്കാർക്കിടയിൽ ‘ഡോൺ’ എന്ന ഇടനിലക്കാരൻ വഴി കിലോക്കണക്കിന് കഞ്ചാവ് ജില്ലയിലേക്ക് ഒഴുകുന്നുണ്ട്.
പിടിയിലായ റഷീദ് സ്ത്രീപീഡനമുൾെപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. മാസങ്ങൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് കൈമാറ്റത്തിനിടെ എക്സൈസ് സംഘത്തെ കണ്ട് ഇയാൾ ഓടിരക്ഷപ്പെട്ടിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഫൈസൽ. സക്കീബിനെ ഉടൻ പിടികൂടുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറിയിച്ചു.
ആറു മാസത്തിനകം കുറ്റിപ്പുറം എക്സൈസ് സംഘം മേഖലയിൽനിന്ന് പിടികൂടിയത് 50 കിലോ കഞ്ചാവാണ്. പ്രിവൻറിവ് ഓഫിസർമാരായ ജാഫർ, ലതീഷ്, ഷിജുമോൻ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ഷിബു ശങ്കർ, ഹംസ, വിഷ്ണുദാസ്, രാജീവ് കുമാർ, മിനുരാജ്, എ.വി. കണ്ണൻ, ദിവ്യ, രജിത, ഡ്രൈവർ ശിവകുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.