കുളിമുറിയിൽ വീണ് പരിക്കേറ്റ് ജി. സുധാകരൻ ചികിത്സയിൽ

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരന് കുളിമുറിയിൽ വീണ് പരിക്കേറ്റു. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അസ്ഥികൾക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ജി. സുധാകരൻ ഫേസ് ബുക് പോസ്റ്റിൽ പറഞ്ഞു.

വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ ഇപ്പോൾ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയയും തുടർചികിത്സയുമുള്ളതിനാൽ ജി. സുധാകരൻ രണ്ട് മാസം പൂർണ വിശ്രമത്തിലായിരിക്കും.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം

ഇന്ന് രാവിലെ കുളിമുറിയിൽ വഴുതി വീണ് കാലിന് പരുക്കേൽക്കുകയും സാഗര ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയിൽ മൾട്ടിപ്പിൾ ഫ്രാക്ചർ കണ്ടെത്തിയതിനാൽ വിദഗ്ധ ചികിത്സയ്‌ക്ക് പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടർചികിത്സയും ഉള്ളതിനാൽ തുടർന്നുള്ള രണ്ട് മാസം പൂർണ്ണ വിശ്രമം ആവശ്യമാണ്.


Full View


കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയാണ് ജി. സുധാകരൻ. അതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരസ്യമായി ജി. സുധാകരനെ പുകഴ്ത്തിയിരുന്നു. ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയിലാണ് സതീശന്‍ ജി.സുധാകരനെ പുകഴ്ത്തിയത്.ആശയങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത, തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. 

നീതിമാനായ ഭരണാധികാരിയാണ് ജി. സുധാകരൻ. 1000 കോടി രൂപ അദ്ദേഹത്തിന് അനുവദിച്ച് കിട്ടിയാല്‍ 140 എം.എല്‍.എമാര്‍ക്കും തുല്യമായി അദ്ദേഹം നല്‍കും. കൃത്യമായ കൈകളിലേക്ക് എത്തുമ്പോഴാണ് ഓരോ അവാര്‍ഡും ധന്യമാകുന്നത്. ജി.സുധാകരന് അവാര്‍ഡ് നല്‍കുക എന്ന് പറഞ്ഞാല്‍ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നെന്നും വി.ഡി. സതീശൻ പറഞ്ഞു.

മറുപടി പ്രസംഗത്തില്‍ സതീശനെ പുകഴ്ത്തിയാണ് ജി.സുധാകരനും സംസാരിച്ചത്. പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവാണ് സതീശന്‍ എന്ന് സുധാകരന്‍ പറഞ്ഞിരുന്നു. 

Tags:    
News Summary - G. Sudhakaran is undergoing treatment after being injured after falling in the bathroom.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.