ആലപ്പുഴയിൽ ജി. സുധാകരൻ ഇഫക്ട്

ആലപ്പുഴ: ജി. സുധാകരൻ ഇഫക്ട് ആലപ്പുഴയിൽ സി.പി.എമ്മിന് കനത്ത പ്രഹരമായി. നേതൃത്വത്തെ വിമർശിച്ച്, 63 വർഷത്തെ പാർട്ടിബന്ധം ഉപേക്ഷിച്ച് മറുചേരിയിലെത്തിയ സുധാകരന്‍റെ സാന്നിധ്യം അമ്പലപ്പുഴയിൽ മാത്രമല്ല, എൽ.ഡി.എഫിന്റെ ഉറപ്പുള്ള സീറ്റുകൾ പലതും നഷ്ടമാക്കി. ആലപ്പുഴ, കുട്ടനാട്, കായംകുളം, അരൂർ മണ്ഡലങ്ങളാണ് ഇടതിനെ കൈവിട്ടത്.

സുധാകരനെ പരസ്യമായി വെല്ലുവിളിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ ചെങ്ങന്നൂരിൽ വിയർത്താണ് കരകയറിയത്. 2021ൽ സജി ചെറിയാന്‍റെ ഭൂരിപക്ഷം 31,984 വോട്ടായിരുന്നു. ഇക്കുറി 10,292 വോട്ടിനാണ് കടന്നുകൂടിയത്. ഇതിനൊപ്പം സുധാകരന്‍റെ പഴയതട്ടകമായ കായംകുളത്തും പാർട്ടിക്ക് തിരിച്ചടിയുണ്ടായി.

അഴിമതിവിരുദ്ധ പ്രതിച്ഛായയുള്ള ജി. സുധാകരനെ പാർട്ടിയിൽ ഒറ്റപ്പെടുത്തിയെന്ന തോന്നൽ താഴെത്തട്ടിലെ പ്രവർത്തകരിലുണ്ടായി. അമ്പലപ്പുഴയിൽ സി.പി.എം ബഹുജനറാലി നടത്തിയെങ്കിലും സാധാരണ പ്രവർത്തകർക്കിടയിൽ വലിയ ചലനമുണ്ടാക്കിയില്ലെന്നതാണ് വസ്തുത. ആലപ്പുഴ ജില്ലയിൽ ഒരുസീറ്റ് പോലും കിട്ടിയില്ലെങ്കിലും അമ്പലപ്പുഴയിൽ ജി. സുധാകരനോട് പരാജയപ്പെടരുതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജില്ല നേതൃത്വത്തിന് നൽകിയ നിർദേശം. സി.പി.എം കണക്കുകൂട്ടലുകൾ തെറ്റിച്ച് എക്കാലത്തെയും ഉയർന്ന ഭൂരിപക്ഷത്തിലായിരുന്നു ജി. സുധാകരന്‍റെ വിജയം.

സി.പി.എമ്മിലെ അതൃപ്തരെയും നിരാശയുള്ള ഒട്ടേറെ പ്രവർത്തകരെയും അനുഭാവികളെയും ഏകോപിപ്പിച്ചു നിർത്താൻ ജി. സുധാകരന്‍റെ പരസ്യനിലപാട് സഹായകരമായി. തുടക്കത്തിൽ മുഖ്യമന്ത്രിയുടെ ‘ചെറ്റത്തരം’ പ്രയോഗങ്ങൾ ഉൾപ്പെടെ നേതാക്കളുടെ തുടർച്ചയായ അധിക്ഷേപ പരാമർശങ്ങളും പാർട്ടിയുടെ തോൽവിക്ക് ആക്കംകൂട്ടി. പ്രകോപനപരമായ അത്തരം പ്രസംഗങ്ങളും സുധാകരനോടുള്ള അനുഭാവമായി മാറി. ന്യൂനപക്ഷ വിരോധം നിരന്തരം വെളിവാക്കിയ ചിലരുടെ വാക്കുകൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ചർച്ചയായി. സുധാകരനെതിരെ എതിരാളികൾ പ്രചരിപ്പിച്ച പലതും അവർക്ക് തന്നെ തിരിച്ചടിയായി.

യു.ഡി.എഫ് സംവിധാനത്തിൽ ഇതുവരെയില്ലാത്ത ചില ചിട്ടകൾ അമ്പലപ്പുഴയിൽ നടപ്പാക്കി. തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ദീർഘാനുഭവമുള്ള ജി.സുധാകരന്റെ നിർദേശങ്ങൾ അതിൽ വിലപ്പെട്ടതായിരുന്നു. സി.പി.എമ്മിൽനിന്ന് ആർജിച്ച അനുഭവങ്ങൾ അവർക്കെതിരെ പ്രയോഗിക്കുകയാണ് ചെയ്തത്.

Tags:    
News Summary - G. Sudhakaran Effect in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.