കൊച്ചി: ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ നിഷേധിക്കാനാകില്ലെന്ന് ഹൈകോടതി. വയനാട് ദുരന്തത്തിലെ ഇരകളുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലെ ഉത്തരവിലാണ് കോടതി പരാമർശം. ഗുരുതരമായ പ്രകൃതിദുരന്തമായി പ്രഖ്യാപിക്കാത്ത സംസ്ഥാനങ്ങളിലേക്കാണ് അധികസഹായവും സാധാരണ സഹായവും മറ്റും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ അനുവദിച്ചത്.
ഫയർ സർവിസ് ആധുനീകരിക്കാനാണ് മൂന്നു സംസ്ഥാനങ്ങൾക്ക് 903 കോടിയിലേറെ രൂപ അനുവദിച്ചത്. എന്നിട്ടും അതിരൂക്ഷ ദുരന്തം നേരിടേണ്ടിവന്ന വയനാടിന്റെ കാര്യത്തിൽ തീരുമാനമില്ല. അന്തസ്സോടെ ജീവിക്കാനുള്ള വയനാട് നിവാസികളുടെ മൗലികാവകാശം അപകടത്തിലായിരിക്കുകയാണ്. ഈ ഘട്ടത്തിൽ സഹായം നിഷേധിക്കുന്നതിലൂടെ കേന്ദ്രം അവരെ തോൽപിക്കുകയാണ് ചെയ്യുന്നത്.
ഭരണഘടന പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാറും നീതിന്യായ സംവിധാനവുമെല്ലാം അടങ്ങുന്നതാണ് ഇന്ത്യ. അതിനാൽ, ഭരണഘടനാപരമായി ദുരിതബാധിതരെ സഹായിക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. ഫെഡറൽ സംവിധാനത്തിൽ കേന്ദ്രസർക്കാറിന് വിവേചനപരമായ നടപടി സ്വീകരിക്കാനാകില്ല. നിയമവാഴ്ചയുള്ളിടത്ത് ശരിയായ നടപടി സ്വീകരിക്കുകയാണ് സർക്കാറിന്റെ പ്രവർത്തനത്തിൽ ഏറ്റവും പരമ പ്രധാനം.
അതേസമയം, ബാങ്കുകളുടെ ഷൈലോക്കിയൻ നടപടി മൂകമായി കണ്ടിരിക്കാനാവില്ല. ദുരന്തബാധിതർ സാധാരണ ജീവിതത്തിലേക്ക് തിരികെവരാൻ ബുദ്ധിമുട്ടുന്ന സമയത്ത് അവരുടെ വികാരങ്ങൾ മാനിക്കാതെ പ്രവർത്തിക്കാൻ ബാങ്കുകളെ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.