ഫയൽ
തിരുവനന്തപുരം: പാകിസ്താന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്രവാദത്തിനെതിരായി യൂനിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം തന്നെ പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നിൽ എത്തിക്കാനും പാകിസ്താനിൽ ഭീകരാവദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനുള്ള നയതന്ത്ര ഇടപെടലുകൾ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
പാക് അധീന കശ്മീരിലെയും പാകിസ്താനിലേയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ നടത്തിയ ആക്രമണത്തിൽ ലക്ഷ്യങ്ങൾ തകർക്കാൻ കഴിഞ്ഞതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധ സേനയെ അഭിനന്ദിച്ചു. ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഓപറേഷൻ സിന്ദൂർ നടത്തിയത് എല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരോട് മോദി ഇക്കാര്യം പറഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇത് ഒരു പുതിയ ഇന്ത്യയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുധനാഴ്ച അർധരാത്രിയാണ് പാകിസ്താനെ വിറപ്പിച്ചു കൊണ്ട് ഇന്ത്യ ഭീകര ക്യാമ്പുകളെ ലക്ഷ്യം വെച്ചത്.
വെറും 25 മിനിറ്റ് നീണ്ടുനിന്ന ഏകോപിത മിന്നലാക്രമണത്തിൽ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്.
വിശ്വസനീയമായ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നടപടിയെന്നും ലക്ഷ്യങ്ങൾ തിരഞ്ഞെടുത്തതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പാകിസ്താൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യ വാദിച്ചു. ഏപ്രിൽ 22നാണ് പഹൽഗാമിൽ അതിർത്തി കടന്നെത്തിയ ഭീകരന്മാർ നിരപരാധികളെ കൂട്ടക്കൊല ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.