ഇന്ധന സർചാർജ്: സർക്കാർ ഉത്തരവ് ഉപഭോക്താക്കൾക്ക് ബാധ്യതയാകും

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്‍റെ നഷ്ടം നികത്താൻ ഏർപ്പെടുത്തിയ ഇന്ധന സർചാർജ് പിരിക്കലിന് പരിധി ഒഴിവാക്കുന്നത് ഉപഭോക്താക്കൾക്ക് ബാധ്യതയാകും. യൂനിറ്റിന് 10 പൈസ പരിധി ഒഴിവാക്കാൻ വൈദ്യുതി റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുവദിക്കുന്ന അധിക വായ്പ ലക്ഷ്യമിട്ട് ഇന്ധന സർചാർജിലെ പരിധി എടുത്തുകളയാനുള്ള നിലപാടിൽ സർക്കാർ എത്തുകയായിരുന്നു.

സർക്കാർ ഉത്തരവ് റഗുലേറ്ററി കമീഷൻ നടപ്പാക്കിയാൽ യൂനിറ്റിന് 20-30 പൈസക്ക് മുകളിലേക്ക് ഇന്ധന സർചാർജ് ഉയരും. നിലവിൽ ഇത് 10 പൈസയാണ്. അതേസമയം ചില മാസങ്ങളിൽ പരമാവധി 19 പൈസവരെ സർചാർജ് പിരിക്കാറുണ്ട്. ഇതിൽ 10 പൈസ കെ.എസ്.ഇ.ബി സ്വന്തംനിലയിൽ പിരിക്കുന്നതും ഒമ്പതു പൈസ റെഗുലേറ്ററി കമീഷൻ അംഗീകരിച്ച നിരക്കുമാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് വർധിക്കുന്നതിനാൽ സർക്കാർ ഉത്തരവിന്‍റെ ബലത്തിൽ ഇന്ധന സർചാർജ് കൂട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി റഗുലേറ്ററി കമീഷനെ സമീപിക്കാനുള്ള സാധ്യതയാണ് തുറക്കുന്നത്.

വൈദ്യുതി വാങ്ങൽ ചെലവ് ഓരോ വർഷവും കൂടുന്നതിന്‍റെ കണക്ക് നിരത്തി ഈയിനത്തിലെ അധിക ചെലവ് നികത്താൻ കെ.എസ്.ഇ.ബി ഇടക്കിടെ ഇന്ധന സർചാർജ് വർധന ആവശ്യപ്പെടും. സർക്കാർ അനുമതിയുള്ളതിനാൽ വർധന ആവശ്യം കമീഷൻ അംഗീകരിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ വർഷം ഇന്ധന സർചാർജിൽ 23 പൈസ കൂട്ടണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി മുന്നോട്ടുവന്നിരുന്നു. മുൻ വർഷങ്ങളിലേതിനെക്കാൾ ഉയർന്ന സാമ്പത്തിക ബാധ്യതയുള്ളതിനാൽ ഇന്ധന സർചാർജിൽ വർധന ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബി അപേക്ഷ നൽകാറുള്ളത്.

Tags:    
News Summary - Fuel surcharge: Government order will be borne to consumers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.