ഇന്ധന വില അഞ്ചു രൂപ വരെ ഉയർന്നേക്കും, പാചകവാതകത്തിനും വർധനക്ക് സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യയിൽ ഇന്ധനവില വർധിപ്പിക്കുമെന്ന് സൂചന. ഏതു സമയത്തും വില വർധനയുണ്ടാക്കും. അഞ്ചു രൂപ വരെ വില വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും എണ്ണ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട്. നഷ്ടം ഒരുലക്ഷം കോടി രൂപ കടന്നുവെന്നും വില വര്‍ധനക്ക് കേന്ദ്ര സര്‍ക്കാര്‍ സമ്മതം മൂളുമെന്നുമാണ് എണ്ണക്കമ്പനി അധികൃതരുടെ പ്രതീക്ഷ.

രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മെയ് 15 ന് മുമ്പ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വർധന കേന്ദ്രസർക്കാർ അംഗീകരിച്ചാൽ, പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം അഞ്ച് രൂപ വരെ ഉയരും. ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ 40-50 രൂപ വരെ വർധനവ് ഉണ്ടായേക്കാം. ഏകദേശം നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. 2022 മുതൽ ചില്ലറ വിൽപ്പന നിരക്കുകൾ വലിയതോതിൽ മരവിപ്പിച്ചിരിക്കുകയാണ്.

ഓരോ മാസവും ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് ഒ.എം.സികൾ നേരിടുന്നതെന്നും ഇന്ധനകമ്പനി പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 യു.എസ് ഡോളറിൽ നിന്ന് 126 ഡോളറായി ഉയർന്നതിനെ തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോള എണ്ണമേഖലയിൽ കടുത്ത ആഘാതം നേരിട്ടിട്ടും ഇന്ത്യ ഇതുവരെ ചില്ലറ ഇന്ധന വില വർധിപ്പിച്ചിട്ടില്ല. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ്. യുദ്ധം മൂലം ഈ വഴി തടസ്സപ്പെട്ടത് ആഗോള ഊർജ്ജ വിതരണത്തിന് തടസമായത്.

പെട്രോൾ, ഡീസൽ വിലവർധനയിലേക്ക് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നിർ​ദേശങ്ങൾ നൽകിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷം കാരണമുള്ള വിലക്കയറ്റം നേരിടാൻ ചെലവുചുരുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഹൈദരാബാദിൽ നടന്ന ചടങ്ങിലാണ് പെട്രോൾ, ഡീസൽ ഉപയോഗം കുറക്കണമെന്നതടക്കമുള്ള സാമ്പത്തിക നിർദേശങ്ങൾ പ്രധാനമന്ത്രി മുന്നോട്ടു​വെച്ചത്.

അതേസമയം, രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം. ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും അന്തർ മന്ത്രാലയ വാർത്തസമ്മേളനത്തിൽ ജോയന്റ് സെക്രട്ടറി സുജാത ശർമയുടെ മറുപടി നൽകി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വന്നതിന് പിന്നാലെയാണ് പെട്രോളിയം മന്ത്രാലയം വ്യക്തത വരുത്തിയത്. 

Tags:    
News Summary - Fuel prices to rise: Possible increase of up to Rs. 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.