റോഡ് നിർമാണത്തിലെ തട്ടിപ്പ്: കർശന നടപടിക്ക് വിജിലൻസ്; പിന്തുണച്ച് മന്ത്രിയും

തിരുവനന്തപുരം: റോഡ് നിർമാണത്തിൽ കൃത്രിമം കാട്ടുന്നതിനെതിരെ കർശന നടപടിക്ക് വിജിലൻസും പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും. സർക്കാർ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് റോഡ് നിർമാണത്തിന്‍റെ മറവിൽ നടക്കുന്നതെന്നാണ് വിജിലൻസ് വിലയിരുത്തൽ. ഇത് പരോക്ഷമായി മന്ത്രിയും സമ്മതിക്കുന്നു.

റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകൾ ഇല്ലാതാക്കണമെന്നും അതിന് എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി റിയാസ് പ്രതികരിച്ചു. റോഡുകളിലെ വിജിലൻസ് പരിശോധനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യത പ്രധാന ഘടകമാണ്. പല കാര്യത്തിലും തെറ്റായ കൂട്ടുകെട്ടുണ്ട്. അതു തുറന്നുകാട്ടണം. തെറ്റുകളെ ചോദ്യം ചെയ്യണം. വകുപ്പ് നല്ല നിലയിൽ പ്രവർത്തിക്കുകയാണ്. തെറ്റിനെ ചെറുക്കുന്ന ഏത് കാര്യത്തിനും പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ആറു മാസത്തിനിടെ പണി പൂർത്തിയാക്കിയ റോഡുകളിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ചെളിയും മണ്ണും മാറ്റാതെയാണ് റോഡുകളിലെ കുഴിയടക്കലെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലെ അവിശുദ്ധ ബന്ധവും അഴിമതിയുമാണ് റോഡുകളുടെ ഈ അവസ്ഥക്ക് കാരണമെന്നും കണ്ടെത്തി.

കുഴികള്‍ അടയ്ക്കുമ്പോഴും അറ്റകുറ്റപ്പണി ചെയ്യുമ്പോഴും ചളിയും മണ്ണും മാറ്റി, ടാർ ഒഴിച്ചശേഷം നിർമാണം നടത്തണമെന്നാണ് ചട്ടം. മിക്കയിടത്തും ഈ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. ക്രമക്കേടിന് ഉത്തരവാദികൾക്കെതിരെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദേശം.

വിജിലൻസിന്‍റെ അന്തിമ റിപ്പോർട്ട് എതിരായാൽ പൊതുമരാമത്ത് വകുപ്പിന് വലിയ തിരിച്ചടിയാകും. ദേശീയപാതയിലെ കുഴിയിൽ പൊതുമരാമത്ത് മന്ത്രി കേന്ദ്രത്തെ പഴിക്കുമ്പോൾ സംസ്ഥാന പാതയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന സംസ്ഥാന സർക്കാറിന്‍റെ അന്വേഷണ ഏജൻസി കണ്ടെത്തൽ സർക്കാറിന് നാണക്കേടാകും.

Tags:    
News Summary - Fraud in road construction: Vigilance for strict action; Minister in support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.