ഈരാറ്റുപേട്ട: രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടത്തെ പിടിച്ചുകുലുക്കിയ പൗരത്വ പ്രക്ഷോഭങ്ങൾക്ക് തിരിതെളിച്ച വിദ്യാർഥി സമൂഹത്തിനും കലാലയങ്ങൾക്കും വരുംകാലത്തും പോരാട്ടത്തുടർച്ചയിൽ പുതിയ ദിശ നിർണയിച്ചു നൽകാൻ സാധിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. പ്രബുദ്ധമെന്ന് അവകാശപ്പെടുമ്പോഴും കേരളീയ പൊതുബോധത്തിൽ എത്രത്തോളം വംശവെറി നിലനിൽക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിശ്വനാഥനെതിരായ ആൾക്കൂട്ട ആക്രമണവും അദ്ദേഹത്തിന്റെ മരണവും. ഇത്തരം സംഭവങ്ങളിൽ സംസ്ഥാന സർക്കാർ സംഘ്പരിവാർ അജണ്ടകൾക്ക് കുടപിടിച്ച് കേസ് അന്വേഷണം അട്ടിമറിക്കാൻ മുൻകൈയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുദിവസമായി ഈരാറ്റുപേട്ടയിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിലിനെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച ആരംഭിച്ച ജനറൽ കൗൺസിൽ ഞായറാഴ്ച വൈകീട്ട് ഈരാറ്റുപേട്ട ടൗണിൽ നടന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിച്ചു. സംസ്ഥാന ജനറൽ കൗൺസിൽ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന ഭാരവാഹികളെയും ദേശീയ ജനറൽ കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് സംസാരിച്ചു.
പൊതുസമ്മേളനം ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ടിസ്, ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽ യൂനിയൻ തെരഞ്ഞെടുപ്പുകളിൽ വിശാല മതേതര മുന്നണിക്ക് സാധ്യതകളുണ്ടായിട്ടും അതിന് തുരങ്കം വെക്കുന്ന നിലപാടാണ് എസ്.എഫ്.ഐ എടുത്തത്. അതിലൂടെ സംഭവിച്ച ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ കനത്ത പരാജയത്തിൽനിന്നും അവർ പാഠമുൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. ജ്യോതിവാസ് പറവൂർ, ഫായിസ കരുവാരക്കുണ്ട്, സണ്ണി മാത്യു, റാസിഖ് റഹീം, മുജീബ് റഹ്മാൻ, അർച്ചന പ്രജിത്ത് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് അഷ്റഫ് കെ.കെ, മുജീബ്റഹ്മാൻ, മഹേഷ് തോന്നക്കൽ, ഫസ്ന മിയാൻ, ഫാറൂഖ് മുഹമ്മദ്, സമീർ ബിൻ ഷറഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.