സമരം ചെയ്ത വിദ്യാർഥികളോട് പ്രതികാര നടപടി; സസ്പെൻഷൻ പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
എറണാകുളം: കാലടി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ സമരത്തോട് സർവകലാശാല വി.സിയുടെ നേതൃത്വത്തിൽ പ്രതികാര സ്വഭാവത്തിൽ കടുത്ത അച്ചടക്ക നടപടികൾക്ക് വിധേയമാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ. സസ്പെൻഷൻ കാലാവധി പ്രഖ്യാപിക്കാതെ യൂണിവേഴ്സിറ്റി പുറത്താക്കിയ വിദ്യാർഥികളുടെ സസ്പെൻഷൻ കാലയളവ് 60 ദിവസം പിന്നിട്ടിരിക്കുന്നു.
സമരം ചെയ്ത വിദ്യാർഥികളെ 'അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു' എന്ന് പ്രഖ്യാപിച്ച യൂണിവേഴ്സിറ്റി അധികൃതർ 60 ദിവസം പിന്നിട്ടിട്ടും നടപടികളൊന്നും ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല വിദ്യാർഥികളുടെ സസ്പെൻഷൻ അനിശ്ചിതമയി നീണ്ടു പോവുകയാണ്. സസ്പെൻഷനിൽ ഇരിക്കുന്ന വിദ്യാർഥികളെ പരീക്ഷ എഴുതാൻ പോലും അനുവദിക്കില്ലെന്ന യൂണിവേഴ്സിറ്റി അധികൃതരുടെ നടപടി അങ്ങേയറ്റം വിദ്യാർഥി വിരുദ്ധമാണ്.
വിദ്യാർഥികളുടെ നീതിപൂർവമായ അവകാശങ്ങളെ ലംഘിച്ചും അവകാശങ്ങൾക്കായി സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ പ്രതികാര നടപടികൾക്ക് നേതൃത്വം നൽകുന്ന കാലടി സർവകലാശാല വി.സിയും സിൻഡിക്കേറ്റും പൂർണ്ണമായും ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. സസ്പെൻഷൻ നടപടികൾ പിൻവലിക്കുകയും വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണമെന്നും നഈം ഗഫൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.