നടൻ മമ്മൂട്ടി പരുമല തിരുമേനിയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തുന്നു
സഹജീവി കാരുണ്യമാണ് ദൈവസ്നേഹമെന്ന് മമ്മൂട്ടി; പരുമല തിരുമേനി ഓർമപ്പെരുന്നാൾ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ
പത്തനംതിട്ട: കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച്, സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് ദൈവം പറയുന്നതെന്ന് നടൻ മമ്മൂട്ടി. അങ്ങനെ പെരുമാറുന്നതാണ് ദൈവത്തോടുള്ള സ്നേഹവും ഭക്തിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിശുദ്ധ പരുമല തിരുമേനിയുടെ 124ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച തീർഥാടന വാരാഘോഷ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
സിനിമാതാരം എന്നതിനപ്പുറത്തേക്ക് ഒരു മുൻഗണന എപ്പോഴും തനിക്ക് നൽകുന്നതിൽ മലങ്കര സഭയോടും പരിശുദ്ധ ബാവായോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലങ്കര സഭയുടെ സ്നേഹിതനാണ് മമ്മൂട്ടിയെന്ന് തീർഥാടന വാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്ത മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
പരുമല ആശുപത്രിയും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന സൗജന്യ കാൻസർ ചികിത്സ പദ്ധതിയായ സുകൃതം 2.0 പ്രഖ്യാപിച്ചു. കാതോലിക്കാ ബാവാ രചിച്ച മലങ്കര സഭാ ചരിത്ര സ്പന്ദനം എന്ന ഗ്രന്ഥം മമ്മൂട്ടി പ്രകാശനം ചെയ്തു. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സജി ചെറിയാൻ എം.എൽ.എ, അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.