ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിക്കെതിരെ പൊലീസിൽ പരാതി, അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചെന്നും ആരോപണം
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ കാർ ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡിഷനൽ ജഡ്ജിക്കെതിരെ പരാതി. പ്രത്യേക സംഘം അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയാണ് പൊലീസിൽ പരാതി നൽകിയത്. അപകട സ്ഥലത്ത് ജഡ്ജി 20 മിനിറ്റോളം ചെലവഴിച്ചെന്നും തെളിവു നശിപ്പിച്ചെന്നും അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
അഡിഷനൽ ജഡ്ജിയുടെ അപകടസ്ഥലത്തെ സാന്നിധ്യത്തെപ്പറ്റി ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. അപകടമുണ്ടായതിന് പിന്നാലെ സ്ഥലത്തെത്തിയ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് കാറിലുണ്ടായിരുന്ന ഔദ്യോഗിക ബോർഡ് നീക്കം ചെയ്തത് എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം അന്വേഷിക്കുന്നത്.
പതിനേഴുകാരന്റെ പിതാവായ അഡിഷനൽ ജഡ്ജിയെ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ രണ്ടു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. അന്വേഷണസംഘം കുട്ടിയുമായും രണ്ടു തവണ അഭിമുഖം നടത്തി. നിലവിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു വിലയിരുത്തുകയാണ് അന്വേഷണസംഘം. കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള ഹരജി പരിഗണിച്ച കോടതി, കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറ്റമറ്റ രീതിയിൽ ഡയറി നൽകാനാണു ശ്രമം.
ജഡ്ജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയിലെ ഡേറ്റയും സൈബർ വിഭാഗം പരിശോധിക്കുന്നുണ്ട്. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ജഡ്ജിയെ വീണ്ടും ചോദ്യം ചെയ്യാനും പതിനേഴുകാരനുമായി അഭിമുഖം നടത്താനുമുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച് സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.