പെരുമ്പാവൂര്‍: കേസ് ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷങ്ങൾ തട്ടിയ സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയും റൈറ്ററുമായ അബ്ദുൽറഊഫ്, സി.പി.ഒമാരായ ഷഫീക്ക്, ഷക്കീര്‍, സഞ്ജു ജോസ് എന്നിവരെയാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ജില്ല പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരായിനിന്ന് പ്രതികളില്‍നിന്ന് 6.60 ലക്ഷം രൂപ വാങ്ങിയ സംഭവത്തിലാണ് നടപടി.
ഗുജറാത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് നോട്ടീസ് നല്‍കുന്നതിന് അവിടത്തെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തിയിരുന്നു. പ്രതികള്‍ കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് മനസ്സിലാക്കിയതോടെ അവര്‍ സഹായംതേടി. സ്‌റ്റേഷനില്‍നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ഗുജറാത്ത് പൊലീസിനൊപ്പം പോയിരുന്നു. പ്രതികളെ കണ്ടെത്തിയതോടെ കുറുപ്പംപടി സ്റ്റേഷനിലെ ഇപ്പോള്‍ നടപടിക്കിരയായ ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി മാറുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളില്‍നിന്ന് 3.30 ലക്ഷം രൂപ വീതം വാങ്ങി. ഇതില്‍നിന്ന് ഗുജറാത്തിലെ പൊലീസുകാര്‍ക്ക് 60,000 രൂപ നല്‍കി. ബാക്കി ആറുലക്ഷം രൂപയാണ് കുറുപ്പംപടിയിലെ ഉദ്യോഗസ്ഥര്‍ വീതംവെച്ചത്.
വളരെ രഹസ്യമായി നടന്ന പണമിടപാട് രഹസ്യാന്വേഷണ വിഭാഗമാണ് കണ്ടെത്തിയത്. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് അച്ചടക്കനടപടി. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടെ വ്യാഴാഴ്ച കുറുപ്പംപടി സ്റ്റേഷനില്‍ വിജിലന്‍സ് പരിശോധന നടന്നു. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ ചില രേഖകള്‍ പിടിച്ചെടുത്തു. സമാനസംഭവം മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.