നന്തൻകോട്​ കൂട്ടക്കൊല; വീടിനുള്ളിൽ പകുതി കത്തിയ ഡമ്മിയും

തിരുവനന്തപുരം: നന്തൻകോട് ക്ലിഫ് ഹൗസിന് സമീപം ദുരൂഹ സാഹചര്യത്തിൽ ദമ്പതികളടക്കം നാലു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലും മറ്റൊന്ന് വെട്ടി നുറുക്കിയ നിലയിലുമാണ്. കൂടാതെ പകുതി കത്തിയ നിലയിൽ ഒരു ഡമ്മിയും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

മാര്‍ത്താണ്ഡം നേശമണി കോളജ് ഹിസ്റ്ററി വിഭാഗം മുൻ പ്രഫസർ രാജതങ്കം, ഭാര്യയും റിട്ടയേർഡ് ആർ.എം.ഒയുമായ ഡോക്ടർ ജീൻ പത്മ, മകൾ കാരളിൻ, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. എം.ബി.ബി.എസിന് പഠിക്കുന്ന മകൾ കാരളിൻ കഴിഞ്ഞ ദിവസമാണ് ചൈനയിൽ നിന്ന് മടങ്ങിയെത്തിയത്. സംഭവത്തിന് ശേഷം ഡോക്ടറുടെ മകൻ ജീൻ കേതനെ കാണാതായിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11 മണിയോട് കൂടി ക്ലിഫ് ഹൗസിനടുത്തള്ള വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഡമ്മി ഉപയോഗിച്ചതിന് പിന്നിൽ കുടുംബത്തിലെ അഞ്ചു പേരും മരിച്ചെന്ന് വരുത്തി തീർക്കാനാണെന്ന് പൊലീസ് കരുതുന്നു.

രാജതങ്കം അടക്കം അഞ്ച് പേരാണ് വീട്ടിൽ താമസിച്ചിരുന്നത്. മൂന്ന് ദിവസമായി ജീൻ കേതന്‍റെ പെരുമാറ്റത്തിൽ അസ്വഭാവികതയുള്ളതായി ബന്ധുക്കളും അയൽക്കാരും പറഞ്ഞു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്രക്ക് പോയെന്നും രണ്ട് ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് മകന്‍ അറിയിച്ചതെന്നും ഡോക്ടർ ജീൻ പത്മയുടെ സഹോദരന്‍ പറഞ്ഞു. 

മൂന്ന് ദിവസത്തിന് മുമ്പ് കൊലപാതകം നടത്തിയ ശേഷം ശനിയാഴ്ച വീടിന് തീവെക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പൊലീസിൻെറ  നിഗമനം. എന്നാൽ, കൂടുതൽ അന്വേഷണങ്ങളിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവു. ഊട്ടിക്ക് പോവുകയാണെന്ന് ജീൻ കേതൻ പറഞ്ഞതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി.

അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ജീൻ കേതനുവേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഇയാൾ പുലർച്ചെ രണ്ടു മണിക്ക് തമ്പാനൂരിൽ നിന്നു രക്ഷപ്പെട്ടുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. തമ്പാനൂർ അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിലും തമിഴ്നാട്ടിലും പ്രത്യേക സംഘം പരിശോധന നടത്തുന്നുണ്ട്. ജീൻ കേതനെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. ആസ്ട്രേലിയയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സി.ഇ.ഒ ആയ കേതൻ അവധിക്ക് നാട്ടില്‍ വന്നതാണ്. 

Tags:    
News Summary - four people killed in thiruvanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.