നെഹ്റു ഫാര്‍മസി കോളജില്‍ പ്രതിഷേധം; റോഡ് ഉപരോധിച്ചു

തിരുവില്വാമല: ബുധനാഴ്ച അധ്യയനം പുനരാരംഭിച്ച നെഹ്റു കോളജ് ഓഫ് ഫാര്‍മസിയിലെ നാല് അവസാന വര്‍ഷ വിദ്യാര്‍ഥികളെ സമരത്തിന് നേതൃത്വം നല്‍കിയതിന്‍െറ പേരില്‍ സസ്പെന്‍ഡ് ചെയ്തുവെന്ന് ആരോപിച്ച് ഇന്നലെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതികാര നടപടിയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ തുടങ്ങിയ സമരം പിന്നീട് എസ്.എഫ്.ഐ, കെ.എസ്.യു, എ.ബി.വി.പി തുടങ്ങിയ സംഘടനകള്‍ ഏറ്റെടുത്തു. ഒരു മണിക്കൂറോളം പാമ്പാടി സെന്‍ററില്‍ റോഡ് ഉപരോധിച്ച വിദ്യാര്‍ഥികളെ കുന്നംകുളം ഡിവൈ.എസ്.പി വിശ്വംഭരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോളജ് മാനേജ്മെന്‍റുമായി ചര്‍ച്ചക്ക് ഇടപെടാമെന്ന പൊലീസ് ഉറപ്പിലാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞത്.
ഡിഫാം വിദ്യാര്‍ഥികളായ സി.പി. മുഹമ്മദ് ആഷിഖ്, അതുല്‍ ജോസ്, ബിഫാം വിദ്യാര്‍ഥികളായ നിഖില്‍ ആന്‍റണി, കെ.എസ്. സുജേഷ് എന്നിവരോട് ക്ളാസില്‍ കയറേണ്ടെന്ന് പറഞ്ഞുവെന്നും സസ്പെന്‍ഡ് ചെയ്തുവെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിച്ചത്. എന്നാല്‍, അത്തരമൊരു നടപടി ഉണ്ടായിട്ടില്ളെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി.
ബുധനാഴ്ച ക്ളാസില്‍ കയറിയ മറ്റ് സെമസ്റ്റര്‍ വിദ്യാര്‍ഥികളും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ മറ്റു സംഘടനകളും ചേര്‍ന്നതോടെ പ്രതിഷേധം റോഡിലേക്ക് മാറ്റി. പാമ്പാടി സെന്‍റര്‍ ഉപരോധിച്ച വിദ്യാര്‍ഥികളെ പൊലീസ് ഒരു മണിക്കൂറോളം കഴിഞ്ഞാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
അതിനിടെ, വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പിലിനെ തടഞ്ഞുവെച്ചു. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കില്ളെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ച ശേഷമാണ് സമരം അവസാനിപ്പിച്ചതെന്ന് സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നടപടിയെടുത്തിട്ടില്ല; എടുക്കുകയുമില്ല –മാനേജ്മെന്‍റ്
തൃശൂര്‍: ഫാര്‍മസി കോളജിലെ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ മാനേജ്മെന്‍റ് ഒരു നടപടിയും എടുത്തിട്ടില്ളെന്നും ഇപ്പോഴുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ ഭാവിയില്‍  നടപടി ഉണ്ടാവില്ളെന്നും പ്രിന്‍സിപ്പല്‍ ബി. ശ്രീഹരന്‍ രേഖാമൂലം പി.ടി.എയെയും വിദ്യാര്‍ഥികളെയും അറിയിച്ചു. ഫൈന്‍ നിരോധിച്ചതായും അറിയിപ്പിലുണ്ട്.
വ്യാഴാഴ്ച ക്ളാസില്‍ കയറാതിരുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ല. വെള്ളിയാഴ്ച നടക്കുന്ന എക്സിക്യൂട്ടീവില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് നിലപാട് അറിയിക്കാന്‍ അവസരം നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
മാറ്റി നിര്‍ത്തിയത് താല്‍ക്കാലിക നടപടി –പി.ടി.എ പ്രസിഡന്‍റ്
തൃശൂര്‍: ഫാര്‍മസി കോളജിലെ നാല് വിദ്യാര്‍ഥികളെ താല്‍ക്കാലികമായാണ് മാറ്റി നിര്‍ത്തിയതെന്നും അത് അവരുടെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി പി.ടി.എ അറിവോടെ ചെയ്തതാണെന്നും പ്രസിഡന്‍റ് സുലൈമാന്‍. വെള്ളിയാഴ്ച രക്ഷിതാക്കളും വിദ്യാര്‍ഥി, മാനേജ്മെന്‍റ് പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തോടെ പ്രശ്നം അവസാനിക്കുമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.  
ഈ കുട്ടികളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ മാനേജ്മെന്‍റ് പി.ടി.എ ഭാരവാഹികളോട് പറഞ്ഞിരുന്നു. വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും സംസാരിച്ചു. ആരെയും സസ്പെന്‍ഡ് ചെയ്തിട്ടില്ല. പി.ടി.എയുടെ അറിവില്ലാതെ, അച്ചടക്ക വിഭാഗത്തിന്‍െറ മാത്രം തീരുമാനപ്രകാരം നടപടിയുണ്ടാവില്ളെന്നും സുലൈമാന്‍ അറിയിച്ചു.

Tags:    
News Summary - Four pampadi college students suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.