തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്ന രീതി തെറ്റാണെന്നും ആവശ്യപ്പെട്ടാൽ പലപ്പോഴും സമയത്ത് കിട്ടാറില്ലെന്നും റിപ്പോർട്ട്. ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പ് മേധാവികള്‍ വിദഗ്ധ സമിതിക്ക് മുമ്പാകെ നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആരോഗ്യവകുപ്പ് മറച്ചുവെച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിച്ച് നാല് വകുപ്പ് മേധാവികള്‍ വിദഗ്ധസമിതിക്ക് മൊഴി നൽകി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളജി, ഗാസ്ട്രോളജി, നെഫ്രോളജി, ന്യൂറോ സര്‍ജറി വിഭാഗം മേധാവികളാണ് യോജിപ്പ് പ്രകടിപ്പിച്ചത്.
ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്ന സര്‍ക്കാറിന്റെ സംവിധാനം ശരിയല്ലെന്നും ഉപകരണങ്ങള്‍ തകരാറിലാകുന്നതുകൊണ്ട് ശസ്ത്രക്രിയ മാറ്റിവെക്കേണ്ടിവരുന്ന സാഹചര്യമുണ്ടെന്നും വകുപ്പ് മേധാവികള്‍ ചൂണ്ടിക്കാട്ടി. ഉപകരണം ലഭ്യമാക്കുന്നതിലെ കാലതാമസം യൂറോളജി വിഭാഗം രണ്ടാം യൂനിറ്റിലെ മറ്റൊരു ഡോക്ടർ ചൂണ്ടിക്കാണിച്ചതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ലിത്തോക്ലാസ്റ്റ് പ്രോബിന്റെ ലഭ്യതക്കുറവായിരുന്നു ഡോ. ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 2024 ഡിസംബര്‍ 19നാണ് ഈ ഉപകരണം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ടിന് ഡോ.ഹാരിസ് ചിറക്കല്‍ കത്ത് നല്‍കിയത്. ഒരു ലക്ഷം രൂപവരെ വിലയുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് സൂപ്രണ്ടിന് അനുമതി. അതിനാൽ, ആവശ്യം കലക്ടറുടെ പരിഗണനക്കായി കൈമാറി. വിഷയത്തില്‍ നടപടിയുണ്ടായത് 2025 ജൂണ്‍ 23നാണ്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് കലക്ടറേറ്റില്‍ നിന്ന് അനുമതി ലഭിക്കാന്‍ ആറുമാസം വരെ കാലതാമസമുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കലക്ടറുടെ ഓഫീസിലെ ഫയല്‍ നീക്കം നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപകരണക്ഷാമം പലവട്ടം ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ പരിഹാരം ഇല്ലാതെ വന്നതോടെയാണ് സമൂഹ മാധ്യമത്തില്‍ ഡോ. ഹാരിസ് പ്രതികരിച്ചതെന്നും ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയ ഉപകരണം വാങ്ങുന്നതിനായി രോഗികളില്‍ നിന്ന് പണപ്പിരിവ് നടക്കുന്നു. 4000 രൂപവരെ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രോഗികള്‍ നല്കി. കാരുണ്യ പദ്ധതിക്ക് കീഴിലെ രോഗികൾക്കും പണം നല്‍കേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഗികളുടെ മൊഴിയില്‍ നിന്നാണ് വിദഗ്ധ സമിതി ഈ നിഗമനത്തില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.