കോഴിക്കോട്: കേരളത്തിൽ ചൊവ്വാഴ്ച രണ്ട് സംഭവങ്ങളിലായി നഷ്ടപ്പെട്ടത് നാല് കുട്ടികളുടെ ജീവൻ. തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിലും കാസർകോട് ചീമേനി ചെമ്പ്രങ്ങാനത്തുമാണ് സംഭവങ്ങൾ.തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ പിഞ്ചുകുഞ്ഞിനെയടക്കം മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടുകയായിരുന്നു. ഇതിൽ രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ്(ഏഴ്) ആദിദേവ് (ആറ്) എന്നിവരാണ് മരിച്ചത്.
അമ്മ 29 വയസുള്ള സയന ഒന്നര വയസുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മരിച്ച കുട്ടികളിൽ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
എരുമപ്പെട്ടി സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കുന്നംകുളത്തുനിന്നെത്തിയ അഗ്നി രക്ഷാസേനാസംഘവും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് നാലുപേരെയും കിണറ്റിൽ നിന്നും പുറത്തെത്തിച്ചത്.
കാസർകോട് ചീമേനി ചെമ്പ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കാസർകോട് പഞ്ചായത്ത് ജീവനക്കാരിയായ സജന (36), മക്കളായ ഗൗതം (എട്ട്), തേജസ് (നാല്) എന്നിവരാണ് മരിച്ചത്. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
കുട്ടികളുടെ മൃതദേഹം കിടപ്പ് മുറിയിലായിരുന്നു. മുകളിലത്തെ നിലയില്‍ തൂങ്ങിയ നിലയിലായിരുന്നു സജനയുടെ മൃതദേഹം. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മക്കളെ കൊന്ന് സജന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പഞ്ചായത്തിലെ ജീവനക്കാരിയാണ് സജന. കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ ടി.എസ് രഞ്ജിത്തിന്റെ ഭാര്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.