മുന്നാക്ക സംവരണം: മെക്ക സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ സർക്കാറിന്​ നോട്ടീസ്​

കൊച്ചി: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ (ഇ.ഡബ്ല്യു.എസ് വിഭാഗം) മാനദണ്ഡങ്ങൾ ലംഘിച്ച്​ പ്ലസ് ​വണിന്​ സീറ്റ്​ സംവരണം ചെയ്​ത സർക്കാർ നടപടിക്കെതിരെ മുസ്​ലിം എം​പ്ലോയീസ്​ കൾച്ചറൽ അസോസിയേഷൻ (മെക്ക) സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. ജനറൽ കാറ്റഗറിയിലെ 52 ശതമാനം ഓൺ മെറിറ്റ് സീറ്റിന്​ പകരം, ഗവ. ഹയർ സെക്കൻഡറി സ്​കൂളുകളിലെ മുഴുവൻ സീറ്റും കണക്കാക്കി അതിൻെറ 10 ശതമാനമാണ്​ മുന്നോക്ക സർക്കാർ സംവരണം​ അനുവദിച്ചത്​. ഈ നടപടികളും ഉത്തരവുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ്​ ഹരജി നൽകിയത്​. ഇതിൽ രണ്ടാഴ്ചക്കകം മറുപടി ഫയൽ ചെയ്യാൻ സർക്കാരിന് ഹൈകോടതി നോട്ടീസയച്ചതായും മെക്ക ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങൾക്ക് 28 ശതമാനം എസ്.ഇ.ബി.സി സംവരണവും പട്ടിക വിഭാഗങ്ങൾക്ക്​ 20 ശതമാനം സംവരണവുമടക്കം 48 ശതമാനമാണ് സംവരണം. ശേഷിക്കുന്ന 52 ശതമാനം ജനറൽ കാറ്റഗറിയിലെ ഓൺ മെറിറ്റ് സീറ്റിൻെറ പരമാവധി 10 ശതമാനമാണ് 103ാം ഭരണഘടനാ ഭേദഗതിപ്രകാരം മുന്നാക്ക ഇ.ഡബ്ല്യു.എസ് സംവരണം. എന്നാൽ, ഇതിനുപകരം സംസ്ഥാന സർക്കാരിൻെറ മുഴുവൻ ഹയർ സെക്കൻഡറി സ്​കൂളുകളിലെയും സീറ്റുകളുടെ 10 ശതമാനമെന്ന തോതിൽ 16,711 സീറ്റുകളാണ് ഒന്നാംഘട്ട അലോട്ട്‌മെൻറിൽ നീക്കിവച്ചത്.

മുന്നാക്ക ഇ.ഡബ്ല്യു.എസ് വിഭാഗത്തിലെ മുഴുവൻ അപേക്ഷകളും പരിഗണിച്ചിട്ടും ഒന്നാംഘട്ടത്തിൽ 16,711ൽ 8,967 സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. ഒക്‌ടോബർ ആറിന് പ്രവേശനം അവസാനിക്കുന്നതോടെ ഈ സീറ്റുകളിലേക്ക്​ സപ്ലിമെൻററി അലോട്ട്‌മെൻറിനായി ഇ.ഡബ്ല്യു.എസിന് തന്നെ അപേക്ഷിക്കാവുന്നതാണെന്നും അറിയുന്നു.

മൊത്തം സീറ്റ് പരിഗണിച്ചാലും 16,711സീറ്റ്​ ഇ.ഡബ്ല്യു.എസിന് നൽകാനാവില്ലെന്നും മെക്ക ചൂണ്ടിക്കാട്ടി. ഗവ. ഹയർ സെക്കൻഡറികളിൽ ആകെയുള്ളത് 1,62,815 സീറ്റുകളാണ്. അതിൽ 48 ശതമാനം കഴിച്ച് 52 ശതമാനം എന്നത് 84,663 സീറ്റുകളാണ്. അതിൻെറ 10 ശതമാനമായ 8,466 സീറ്റുകൾക്ക് മാത്രമാണ് അർഹതയുള്ളത്. ജനറൽ കാറ്റഗറിയിലെ മെറിറ്റ് ക്വാട്ട 42 ശതമാനമായി കുറയുന്നതിനാൽ​ മെറിറ്റിന്​ അർഹത​പ്പെട്ടവർക്കും പിന്നാക്ക പട്ടിക വിഭാഗക്കാർക്കും ആയിരക്കണക്കിന് സീറ്റ് നഷ്​​ടപ്പെടുകയും ചെയ്യും.

അതേസമയം, വടക്കൻ ജില്ലകളിൽ കുട്ടികൾ സീറ്റിനായി നെട്ടോട്ടമോടുകയാണെന്നും പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി. മലപ്പുറത്തുമാത്രം കാൽലക്ഷത്തിലധികം പേർക്കാണ്​ പ്ലസ്​ വൺ പ്രവേശനം ലഭിക്കാത്തത്​്. തൃശ്ശൂർ മുതൽ വടക്കോട്ട് മൊത്തം അമ്പതിനായിരത്തോളം പേർക്ക്​ ഉപരിപഠനം വഴിമുട്ടി. പ്ലസ്​വണിൽ മുന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ച സീറ്റിലേക്ക് ആളില്ലാത്ത അനുഭവം മുൻനിർത്തി​ മെഡിക്കൽ-എഞ്ചിനീയറിങ് അടക്കമുള്ള എല്ലാ

പ്രഫഷണൽ കോഴ്‌സുകൾക്കും ആളെ തികക്കാൻ വഴിവിട്ട നീക്കം നടത്തുന്നതായും മെക്ക ആരോപിച്ചു. മുന്നാക്ക ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് സർട്ടിഫിക്കറ്റ് ഹാജരാക്കുവാൻ ഒക്‌ടോബർ 3ന് 4 മണിവരെ സമയമനുവദിച്ചത് ഇതിൻെറ ഭാഗമാണ്​​. പ്രൊസ്‌പെക്ടസിന് വിരുദ്ധമായി പ്രവേശന പരീക്ഷാ കമീഷണർ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയാണ്​ മുന്നോക്ക വിഭാഗങ്ങൾക്ക് മാത്രമായി സമയപരിധി ദീർഘിപ്പിച്ചുനൽകിയതെന്നും മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.