കഞ്ചാവ് കേസിൽ പിടിയിലായ പൂർവ വിദ്യാർഥി, പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്
കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിൽ കഞ്ചാവ് എത്തിച്ച ഇടനിലക്കാരായ പൂർവ വിദ്യാർഥികൾ പിടിയിൽ. പൂർവ വിദ്യാർഥികളായ ആഷിഖ്, ഷാരിൽ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കിയവരാണ് ഇരുവരും.
ഇന്നലെ അർധരാത്രിയോടെ എറണാകുളം പരിസരത്ത് നിന്നാണ് ഇവരെ കളമശ്ശേരി പൊലീസിന്റെ പ്രത്യേക സംഘവും ഡാൻഫാസ് സംഘവും കസ്റ്റഡിയിലെടുത്തത്. 1.900 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ വിദ്യാർഥി നൽകിയ മൊഴിയിൽ ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികളാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം തിരച്ചിൽ ശക്തമാക്കിയത്.
സമാനരീതിയിലുള്ള ലഹരി കേസുകളിൽ ആഷിഖ് ഉൾപ്പെട്ടിരുന്നതായുള്ള സൂചനകൾ വിദ്യാർഥികളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്കാര്യങ്ങളും ചോദ്യം ചെയ്യലിൽ ഉൾപ്പെടുത്തും. ആഷിഖിനൊപ്പം മറ്റ് ആളുകളുണ്ടോ എന്നും മറ്റ് കാമ്പസുകളിൽ ഇയാൾ ലഹരിവസ്തുക്കൾ എത്തിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.
വ്യാഴാഴ്ച രാത്രിയിലാണ് കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ കഞ്ചാവ് വേട്ട നടന്നത്. ഏഴ് മണിക്കൂർ നീണ്ട മിന്നൽ പരിശോധനയിൽ പൊലീസ് രണ്ടുകിലോ കഞ്ചാവ് പിടികൂടി. ഹോളി ആഘോഷത്തിന് ഹോസ്റ്റലിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോളജിന്റെ പെരിയാർ ഹോസ്റ്റലിൽ പരിശോധന.
കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറൽ സെക്രട്ടറിയടക്കം മൂന്ന് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. മൂന്നാം വർഷ വിദ്യാർഥികളായ കൊല്ലം വില്ലുമല പുത്തൻവീട് അടവിക്കോണത്ത് എം. ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാട്ടുകൊയ്ക്കൽ വീട്ടിൽ ആദിത്യൻ (20), കോളജ് എസ്.എഫ്.ഐ യൂനിയൻ ജനറൽ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പനംതറയിൽ വീട്ടിൽ ആർ. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.
50ഓളം പേരടങ്ങുന്ന പൊലീസ് സംഘം സംയുക്തമായി പ്രിൻസിപ്പലിന്റെ അനുമതിയോടെ വ്യാഴാഴ്ച രാത്രി ഒമ്പതിന് ആരംഭിച്ച പരിശോധന പുലർച്ചെ നാലിനാണ് അവസാനിച്ചത്. ആകാശ് താമസിക്കുന്ന എഫ് 39 മുറിയിൽ നിന്ന് 1.909 കിലോ കഞ്ചാവും ആദിത്യനും അഭിരാജും താമസിക്കുന്ന ജി 11 മുറിയിൽനിന്ന് 9.70 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
വലിയ പൊതികളായി സൂക്ഷിച്ച കഞ്ചാവ് അലമാരയിൽ നിന്നാണ് കണ്ടെടുത്തത്. ഇതോടൊപ്പം കഞ്ചാവ് ആവശ്യക്കാർക്ക് തൂക്കിക്കൊടുക്കാൻ ത്രാസും മദ്യം അളക്കുന്നതിനുള്ള ഗ്ലാസും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ഇവിടെനിന്ന് മുമ്പും ചെറിയ തോതിൽ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആകാശിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആദിത്യനും അഭിരാജിനും സ്റ്റേഷൻ ജാമ്യം നൽകി. അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.