തിരുവനന്തപുരം: പുതിയ മന്ത്രിമാർക്ക് ആശംസ അറിയിച്ചും നടപ്പാക്കിയ വികസന പദ്ധതികൾ ഓർമിപ്പിച്ചും മുന്നറിയിപ്പ് നൽകിയും മുൻ മന്ത്രിമാർ. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി, പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എന്നിവരെ അഭിസംബോധന ചെയ്താണ് ഇതേ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പി. രാജീവ്, എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവർ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
നിലവിലുള്ള പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനും കൂടുതൽ പദ്ധതികൾ കൊണ്ടുവരാനുമുള്ള നിർദേശങ്ങൾക്കൊപ്പം വകുപ്പിനെക്കുറിച്ചുള്ള മുന്നറിയിപ്പും മുൻമന്ത്രിമാർ നൽകുന്നു. അധികാരവികേന്ദ്രീകരണത്തെയും ജനാധിപത്യ സംവിധാനത്തെയും പുച്ഛത്തോടെ കാണുന്ന ബ്യൂറോക്രസിയിലെ പ്രബല വിഭാഗമുണ്ട് എന്ന മുന്നറിയിപ്പാണ് തദ്ദേശ മന്ത്രി ഷാജിക്ക് മുൻ മന്ത്രി രാജേഷ് നൽകുന്നത്. വകുപ്പിനെ പ്രഫഷനലാക്കണമെന്ന വാദത്തിന്റെ മറവിൽ കേന്ദ്രീകൃതവും ജനാധിപത്യവിരുദ്ധവുമായ ഭരണം അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന ലോബിയുടെ കാര്യത്തിൽ ജാഗ്രതയുണ്ടാവണമെന്നും രാജേഷ് മുന്നറിയിപ്പ് നൽകുന്നു.
വ്യവസായ വകുപ്പിലുണ്ടായ മുന്നേറ്റം ഒരു വ്യക്തിയുടെയോ വകുപ്പിന്റെയോ നേട്ടമല്ലെന്നും കേരളത്തിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും സംരംഭകരും തൊഴിലാളികളും ഉദ്യോഗസ്ഥരും ജനങ്ങളും ചേർന്നാണ് ഈ മാറ്റം സൃഷ്ടിച്ചതെന്നും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ അഭിസംബോധന ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റിൽ മുൻ മന്ത്രി രാജീവ് പറയുന്നു.
മതേതര സമൂഹമായി കേരളത്തിലെ പുതുതലമുറയെ കെട്ടിപ്പടുക്കേണ്ട വലിയ കടമ പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ ഓർമിപ്പിക്കുന്നതാണ് മുൻ മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പല എം.എൽ.എമാരും സ്വന്തം മണ്ഡലത്തിൽ നടപ്പാക്കിയതും തുടങ്ങിവെച്ചതുമായ പദ്ധതികൾ പുതിയ എം.എൽ.എമാരെ ഓർമപ്പെടുത്തി പോസ്റ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.