കോഴിക്കോട്: പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും മുൻ പാർലമെൻറ് അംഗവും യു.ഡി.എഫ് കോഴിക്കോട് ജില്ല ചെയര ്‍മാനുമായ അഡ്വ. പി. ശങ്കരന്‍ (72) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയി ലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് എം.വി.ആർ കാൻസർ സെൻററിൽ ചികിത്സയിലായിരുന്നു.
ബുധനാഴ്ച ഉച്ചവരെ ക രിക്കാംകുളത്തെ വീട്ടിലെ പൊതുദർശനത്തിനുശേഷം മൃതദേഹം രണ്ടു മണിക്ക് ഡി.സി.സിയിൽ എത്തിക്കും. തുടർന്ന് പേരാമ്പ്രയിലെത്തിച്ച് വ്യാഴാഴ്ച സംസ്കാരം. കോഴിക്കോട് ഡി.സി.സി പ്രസിഡൻറായി 10 കൊല്ലം പ്രവർത്തിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എ.കെ. ആൻറണി മന്ത്രിസഭയില്‍ ആരോഗ്യം-ടൂറിസം മന്ത്രിയായിരുന്നു. എം.പി. വീരേന്ദ്രകുമാറിനെ തോൽപിച്ച് 1998ല്‍ കോഴിക്കോട് ലോക്‌സഭാംഗമായി.
സ്വാതന്ത്ര്യസമരസേനാനിയായ കേളു നായരുടെയും മാക്കം അമ്മയുടെയും മകനായി കടിയങ്ങാട് പുതിയോട്ടില്‍ വീട്ടിൽ 1947 ഡിസംബര്‍ രണ്ടിനായിരുന്നു ജനനം. പേരാമ്പ്ര ഹൈസ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കെ.എസ്.യു യൂനിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവേശനം. തവനൂര്‍ റൂറല്‍ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് കെ.എസ്.യു പൊന്നാനി താലൂക്ക് പ്രസിഡൻറായി. തൃശൂര്‍ കേരളവർമ കോളജില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. കേരളവർമയില്‍ യൂനിയന്‍ ചെയര്‍മാനായിരുന്നു. 1973ല്‍ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ വൈസ് ചെയര്‍മാനായി. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിൽ ആദ്യ വിദ്യാർഥി പ്രതിനിധിയായിരുന്നു. കോഴിക്കോട് ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദം നേടി. 1978ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറും 1980 മുതല്‍ 91 വരെ ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായി.1991ൽതന്നെ ഡി.സി.സി പ്രസിഡൻറായി. 2001ല്‍ മന്ത്രിയായതോടെ പദവി ഒഴിഞ്ഞു.
1991ല്‍ ബാലുശ്ശേരിയില്‍ എ.സി. ഷൺമുഖദാസിനെതിരെയായിരുന്നു നിയമസഭയിലേക്കുള്ള കന്നി അങ്കം. 1998ൽ ലോക്‌സഭാംഗമായി. 2001ല്‍ കൊയിലാണ്ടിയില്‍ സിറ്റിങ് എം.എല്‍.എ പി. വിശ്വനെ തോൽപിച്ചു. ആൻറണി മന്ത്രിസഭയില്‍ അംഗമായിരിക്കെ 2005 ജൂലൈ ഒന്നിന് മന്ത്രിസ്ഥാനവും കാലാവധി പൂര്‍ത്തിയാക്കുന്നതിനുമുമ്പ് നിയമസഭാംഗത്വവും രാജിെവച്ചു. കെ. കരുണാകരനൊപ്പം ഡി.ഐ.സിയില്‍ ചേര്‍ന്നു. 2006ല്‍ കൊയിലാണ്ടിയില്‍ ഡി.ഐ.സി സ്ഥാനാര്‍ഥിയായി മത്സരിച്ച ശങ്കരൻ കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഭാര്യ: പ്രഫ. വി. സുധ (റിട്ട. പ്രിന്‍സിപ്പല്‍, കോഴിക്കോട് ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ്). മക്കള്‍: രാജീവ് എസ്. മേനോന്‍ (എന്‍ജിനീയര്‍, ദുബൈ), ഇന്ദു പാര്‍വതി, ലക്ഷ്മി പ്രിയ. മരുമക്കള്‍: രാജീവ്, ദീപക് (ഇരുവരും ഐ.ടി എന്‍ജിനീയര്‍, അമേരിക്ക), ദീപ്തി. സഹോദരങ്ങള്‍: കല്യാണി അമ്മ, പൊക്കിയമ്മ (കടിയങ്ങാട്), ദേവകി അമ്മ (മൊകേരി), പരേതരായ ഗോപാലന്‍ നായര്‍, കോണ്‍ഗ്രസ് നേതാവ് കെ. രാഘവന്‍ നായര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.