മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി. വിശ്വനാഥൻ (83) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയാണ് അന്ത്യം. തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ കോളജിൽനിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയാണ്.

യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ല പ്രസിഡൻറായിരുന്നു. 1977ലും 1980ലും കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്നും 1987, 1991, 1996 വർഷങ്ങളിലും 2001ലും കൊടകര നിയോജക മണ്ഡലത്തിൽനിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതൽ 1994 വരെ എ.കെ. ആന്റണിയുടെയും 2004 മുതൽ 2005 വരെ ഉമ്മൻ ചാണ്ടി സർക്കാരിലും വനം വകുപ്പ് മന്ത്രിയായിരുന്നു. ഹൈകോടതി പരാമർശത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജി വെച്ചു. 2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി. രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു.

വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിലും വന.സംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നാർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡ് നേടി. മികച്ച പാർലമെന്റേറിയനുള്ള അവാർഡ് (മാതൃക സമാജിക്) ലഭിച്ചിട്ടുണ്ട്.

കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം, തൃശൂർ ഡി.സി.സി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം, ഖാദി ബോർഡ് അംഗം, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ല സഹകരണ ബാങ്ക് പ്രസിഡന്റ, കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് യൂണിയൻ മാനേജിങ്ങ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ, ഡയറക്ടർ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags:    
News Summary - Former Minister K.P. Viswanathan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.