കണ്ണൂര്‍: ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപറേഷൻ നൽകിയ നോട്ടീസിന് മറുപടിയായി രാഷ്ട്രപതിയുടെ പേരിൽ വ്യാജരേഖ തയാറാക്കിയ സംഭവത്തിൽ കെട്ടിട ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ബി.ടി റിട്ട. ഉദ്യോഗസ്ഥന്
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പി.പി.എം. അഷ്റഫിനെയാണ് (71) വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടാം പ്രതിയായ അഷ്റഫിെൻറ സഹോദരന് പയ്യാമ്പലം റാഹത്ത് മന്‍സിലില്‍ പി.പി.എം. ഉമ്മര്‍കുട്ടി ഒളിവിലാണ്. ഇയാളുടെ കൂട്ടാളിയായ കണ്ണൂർ സ്വദേശിയായ വ്യാപാരിക്കു വേണ്ടിയും പൊലീസ് തിരച്ചിൽ തുടങ്ങി. വ്യാജരേഖ നിർമാണം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഉമ്മര്‍കുട്ടി നേരത്തെ ഈ രേഖയുടെ കോപ്പി അഡീഷനന്‍ ചീഫ് സെക്രട്ടറി, ഫയർ ഫോഴ്സ് മേധാവി, കണ്ണൂർ ജില്ല കലക്ടര്‍ എന്നിവര്‍ക്കൊക്കെ അയച്ചിരുന്നു. കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ പ്രവർത്തിക്കുന്ന ഇരുവരുടെയും ഉടമസ്ഥതയിലുള്ള കെട്ടിടം, നിർമാണ ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്ന് കോർപറേഷൻ നേരത്തെ കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകൾക്ക് അധികൃതർ നോട്ടീസ് നൽകിയിരുന്നു.
ഇതിനെതിരെ ഹൈകോടതിയിൽ നിന്നു സ്റ്റേ നേടുകയും പിന്നീട് സ്റ്റേ ഒഴിവാകുകയും ചെയ്തു. ഇതിനുശേഷം, റോഡിലേക്ക് തള്ളിനിൽക്കുന്ന കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കോര്പറേഷന് സെക്രട്ടറി ഡി. സാജു വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കത്തയച്ചതിനെ തുടർന്ന്, കെട്ടിടം പൊളിക്കാൻ കോർപറേഷന് അധികാരമില്ലെന്നാണ് രാഷ്ട്രപതി തനിക്ക് നൽകിയ മറുപടിയെന്നു കാണിക്കുന്ന വ്യാജരേഖ അഷ്റഫ് സെക്രട്ടറിക്ക് ഹാജരാക്കി.
സംശയം തോന്നിയ സെക്രട്ടറിയും കോർപറേഷൻ അധികൃതരും നടത്തിയ അന്വേഷണത്തിൽ രേഖ വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് സെക്രട്ടറി ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. രണ്ടാഴ്ചയായി പൊലീസ് ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. അഷ്റഫിനെ കണ്ണൂർ സിറ്റി എ.സി.പി പി.പി. സദാനന്ദന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. താന്‍ ഭരണഘടന വിദഗ്ധനും ഓള് ഇന്ത്യ സിറ്റിസൺ ഫോറം പ്രസിഡൻറുമാണെന്നാണ് അഷറഫ് പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.