തിരുവനന്തപുരം: പ്രശസ്ത ഫോറൻസിക് സർജനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായിരുന്ന ഡോ. ബി. ഉമാദത്തൻ (73) നിര്യാതനായി. ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തിരുവനന്തപുരം കരിക്കകത്തെ വസതിയിൽ.
1946 മാർച്ച് 12ന് സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പ്രഫ. കെ. ബാലരാമപ്പണിക്കരുടെയും പവർകോട് ജി. വിമലയുടെയും മകനായാണ് ജനനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസും എം.ഡിയും പാസായി.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, മെഡിക്കൽ കോളജുകളിൽ പ്രഫസറും വകുപ്പ് തലവനും പൊലീസ് സർജനുമായിരുന്നു. ഗവ. മെഡിക്കോ ലീഗൽ എക്സ്പെർട്ട് ആൻഡ് കൺസൾട്ടൻറ്, കേരള പൊലീസിെൻറ മെഡിക്കോ ലീഗൽ ഉപദേശകൻ, ലിബിയ സർക്കാറിെൻറ മെഡിക്കോ ലീഗൽ കൺസൾട്ടൻറ് തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു.
1995ൽ തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലായ അദ്ദേഹം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പദവിയിൽനിന്ന് 2001ൽ വിരമിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോറൻസിക് മെഡിസിൻ പ്രഫസറും വകുപ്പ് തലവനുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
പൊലീസ് സർജെൻറ ഓർമക്കുറിപ്പുകൾ, ക്രൈം കേരളം, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം തുടങ്ങി നിരവധിലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധമായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. പത്മകുമാരിയാണ് ഭാര്യ. മക്കൾ: യു. രാമനാഥൻ, ഡോ. യു. വിശ്വനാഥൻ. മരുമക്കൾ: രൂപ, റോഷ്നി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.