കൊരട്ടി: ദേശീയപാതയിൽ ചിറങ്ങരയിൽ നാടകീയമായി നടന്ന വിജിലൻസ് റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടറുടെ വാഹനത്തിൽനിന്ന് മദ്യവും പണവും പിടികൂടി. കാറില്‍നിന്ന് ഏഴ് കുപ്പി വിദേശമദ്യവും 50,640 രൂപയുമാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്.
വ്യാഴാഴ്ച രാവിലെ 11ഓടെ ചിറങ്ങരയില്‍ വെച്ചാണ് വിജിലന്‍സ് സംഘം കാര്‍ തടഞ്ഞത്. കാറില്‍ എക്സൈസ് ഇന്‍സ്പെക്ടറുടെ സുഹൃത്തുക്കളും ഇരിങ്ങാലക്കുട സ്വദേശികളുമായ രണ്ടുപേരും ഉണ്ടായിരുന്നു. ഓണം ആഘോഷിക്കാനായി തിരുവനന്തപുരത്തെ വീട്ടിലേക്ക് പോകുന്ന വഴിയാണ് എക്സൈസ് ഇന്‍സ്പെക്ടറെ വിജിലന്‍സ് പിടികൂടിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കുറച്ച് ദിവസങ്ങളായി ഇയാൾ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. നാട്ടിലേക്ക് പോകുമ്പോള്‍ പണവും ബാറുകളില്‍നിന്ന് ശേഖരിക്കുന്ന മദ്യവും കടത്തുന്നത് എക്സൈസ് ഇന്‍സ്പെക്ടറുടെ പതിവാണെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലൻസ് നടപടി. എന്നാല്‍, പ്രവാസിയായ സുഹൃത്ത് വിമാനത്താവളത്തിൽനിന്ന് നിയമപരമായി വാങ്ങിയതാണ് മദ്യമെന്നും പണം തന്റെതാണെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിടിയിലായ സംഘത്തെ വിട്ടയച്ചു. തൃശൂര്‍ വിജിസന്‍സ് ഡിവൈ.എസ്.പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയേഷ് ബാലന്, ശെല്വകുമാര്, വിബീഷ്, സിബിന്, സൈജു സോമന്, രതീഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.