തൊടുപുഴ: ലോക്ഡൗണിനെത്തുടർന്ന് മൈതാനങ്ങളിൽനിന്ന് വിലക്കപ്പെട്ടവർ ബൂട്ടഴിച്ച് പാടത്തിറങ്ങിയപ്പോൾ നെൽകൃഷിക്ക് ‘കിക്കോഫ്’. കളിക്കളത്തിലെ ജഗ്ലിങ്ങും ഡ്രിബ്ലിങ്ങും പന്തടക്കവുമെല്ലാം ഇനി കുറച്ചുനാൾ പുറപ്പുഴ പാടത്ത് പരീക്ഷിക്കാൻ ഒരുങ്ങുകയാണ് തൊടുപുഴ സോക്കർ സ്കൂൾ അക്കാദമി പരിശീലകനായ സലിംകുട്ടിയും കുട്ടികളും. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം കളിക്കളങ്ങൾക്കെല്ലാം പൂട്ട് വീണു. സ്പോർട്സ് ഹോസ്റ്റലുകളും ജിംനേഷ്യങ്ങളും അടഞ്ഞുതന്നെ. ഈ സാഹചര്യത്തിലാണ് പരിശീലനത്തിനടക്കം മാർഗമില്ലാതെ വന്നതോടെ കുട്ടികളുടെ കായികശേഷി നിലനിർത്താൻ പുറപ്പുഴയിൽ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കാൻ സലീംകുട്ടി ആലോചിക്കുന്നത്. കുട്ടികളുമായി ആലോചിച്ചപ്പോൾ അവർക്കും സമ്മതം. അങ്ങനെ തങ്ങളുടെ േജഴ്സികളും അണിഞ്ഞ് ബൂട്ടുകൾ അഴിച്ചുവെച്ച് അവർ പാടത്തേക്കിറങ്ങി.
ഇടുക്കി ജില്ലയില്‍നിന്ന് കേരള സന്തോഷ്ട്രോഫി ടീമില്‍ ആദ്യമായി ഇടംനേടിയ ആളാണ് സലീംകുട്ടി. 1990-’91ൽ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ച സലീംകുട്ടി ഇന്ത്യൻ ക്യാമ്പിലെത്തിയെങ്കിലും പരിക്കുമൂലം കളിക്കളം വിടേണ്ടിവന്നു. എങ്കിലും പുതുതലമുറക്ക് താൻ അറിഞ്ഞ അറിവുകൾ പഠിപ്പിക്കുകയെന്നത് ദൗത്യമായി അദ്ദേഹം ഏറ്റെടുത്തു. തൊടുപുഴയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂൾ ഗ്രൗണ്ടുകളിലായിരുന്നു ആദ്യകാലങ്ങളിൽ അദ്ദേഹം ഫുട്ബാളിൽ താൽപര്യമുള്ള കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകിയത്. പിന്നീട് സ്കൂൾ ഗ്രൗണ്ടുകൾ പല തടസ്സങ്ങൾമൂലം കിട്ടാതായതോടെ പരിശീലനം അടിക്കടി മുടങ്ങി.
ഈ സാഹചര്യത്തെ നേരിടാൻ സ്ഥലം പാട്ടത്തിനെടുത്ത് ഫുട്ബാൾ ഗ്രൗണ്ട് നിർമിക്കുകയായിരുന്നു സലിംകുട്ടി. ഇപ്പോൾ ആരെയും ആശ്രയിക്കാതെ ഒരുവർഷമായി ഈ ഗ്രൗണ്ടിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. 150 കുട്ടികൾ ഇപ്പോൾ ഇവിടെ പരിശീലനത്തിനെത്തുന്നുണ്ട്. കഴിവുള്ള നിർധനരായ കുട്ടികൾക്ക് സൗജന്യമായാണ് പരിശീലനം. മങ്ങാട്ടുകവലയിൽ ഹോട്ടൽ നടത്തുന്നുണ്ടെങ്കിലും ഫുട്ബാളാണ് ഇദ്ദേഹത്തിന് ജീവവായു. കുട്ടികൾക്ക് ദിവസവും ഫുട്ബാൾ പരീശീലനമടക്കം നൽകിയ ശേഷമാണ് സലീംകുട്ടി ഹോട്ടലിെൻറ കാര്യങ്ങൾ നോക്കുന്നത്.
ലക്ഷ്യം തെറ്റാതെ വലയിലേക്ക് പന്ത് തൊടുക്കുന്ന ലാഘവത്തോടെ കുട്ടികൾ പാടത്തേക്ക് വിത്തെറിയുന്നത് കാണാൻ ദ്രോണാചാര്യ തോമസ് മാഷ്, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് മീനു, പ്രദേശവാസികളായ നാട്ടുകാരുമൊക്കെ രാവിലെതന്നെ പുറപ്പുഴ പാടത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.