തിരുവനന്തപുരം: പ്രളയാനന്തര കേരളത്തോട് കേന്ദ്രം പുലർത്തുന്ന അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയ സഹായങ്ങളൊന്നും തന്നെ കേരളത്തിന് ലഭിച്ചില്ല. പ്രളയസമയത്ത് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും കേരളം സന്ദർശിച്ച് പ്രളയവ്യാപ്തി നേരിട്ട് മനസിലാക്കിയതാണ്. അതുകൊണ്ടുതന്നെ നല്ലതോതിൽ കേന്ദ്ര സാമ്പത്തികസഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അർഹതപ്പെട്ട സഹായം ലഭിച്ചില്ലെന്നു മാത്രമല്ല, യു.എ.ഇ സർക്കാർ നൽകാമെന്ന് വാഗ്ദാനം ചെയ്ത തുക കേന്ദ്രനിലപാട് മൂലം നഷ്ടമാവുകയും ചെയ്തു. 2016ലെ ദേശീയ ദുരന്ത മാനേജ്മെൻറ് പ്ലാനിലെ വ്യവസ്ഥകൾ പ്രകാരം സ്വമേധയാ വിദേശ രാജ്യങ്ങൾ നൽകുന്ന സഹായം സ്വീകരിക്കാവുന്നതാണ്.
ലോകമാകെയുള്ള പ്രവാസി മലയാളികളെ സന്ദർശിച്ച് പുനർനിർമാണത്തിന് പണം കണ്ടെത്താനുള്ള മന്ത്രിമാരുടെ യാത്രക്ക് അനുമതി നൽകിയതുമില്ല. ദേശീയ ദുരന്ത നിവാരണ നിധി മാനദണ്ഡമനുസരിച്ച് കേരളം ആവശ്യപ്പെട്ടത് 5616 കോടി രൂപയുടെ പുനരധിവാസ ധനസഹായമാണ്. ആദ്യഘട്ടത്തിലുണ്ടായ പ്രളയത്തിന് 820 കോടിയും രണ്ടാംഘട്ടത്തിലെ മഹാപ്രളയത്തിന് 4796 കോടി രൂപയും ഉൾപ്പെടെയാണിത്. ഇതുകൂടാതെ, പ്രത്യേക ധനസഹായമായി 5000 കോടി രൂപയുടെ പാക്കേജും ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുക ലഭിച്ചാൽ പോലും സംസ്ഥാനത്തെ നാശനഷ്ടങ്ങൾ നികത്താനാവില്ല. ആവശ്യപ്പെട്ട കാര്യങ്ങളിൽ ഫലപ്രദമായ നടപടിയുണ്ടായില്ല എന്നത് ഗൗരവകരമാണ്.
സംസ്ഥാനത്ത് 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിശദപഠനം നടത്തിയ ലോകബാങ്ക്, യു.എൻ സംഘങ്ങൾ കണ്ടെത്തിയത്. യഥാർഥനഷ്ടം ഇതിലും വലുതാണ്. അതിനാലാണ് സംസ്ഥാനത്തിന് വായ്പ വാങ്ങാനുള്ള പരിധി മൂന്നുശതമാനത്തിൽനിന്ന് നാലര ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടത്. നബാർഡിൽ നിന്ന് 2500 കോടി രൂപയുടെ വായ്പ അനുവദിക്കണമെന്നും, ലോക ബാങ്ക്, എ.ഡി.ബി തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് വായ്പ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടത്. വിവിധ വകുപ്പുകൾ മുഖേനയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനസഹായം 10 ശതമാനം വർധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. കേരളത്തെ സഹായിക്കാൻ സെസ് ഏർപ്പെടുത്താമെന്ന് കേന്ദ്രം ജി.എസ്.ടി കൗൺസിൽ യോഗത്തിൽ സമ്മതിച്ചിരുന്നു. എന്നാൽ അത് പ്രായോഗികമാക്കാൻ നടപടിയെടുത്തില്ല.
കേരളത്തിന് കേന്ദ്രം ആകെ നൽകിയത് 600 കോടി രൂപ മാത്രമാണ്. പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിക്കും മണ്ണെണ്ണക്കും കേന്ദ്രതീരുമാനം പ്രകാരം താങ്ങുവില നിരക്ക് നൽകേണ്ടിവന്നാൽ 265.74 കോടി കേന്ദ്രത്തിന് നൽകേണ്ടിവരും. അങ്ങനെവന്നാൽ കേന്ദ്രസഹായം 334.26 കോടി മാത്രമായി ചുരുങ്ങും. ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ കർണാടകയിലെ ഒരു ജില്ലയിൽ പ്രളയമുണ്ടായപ്പോൾ 546 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തരാഖണ്ഡിൽ നേരത്തെ പ്രളയമുണ്ടായപ്പോൾ 2300 കോടി രൂപ നൽകി. 2015ൽ ചെന്നൈയിൽ പ്രളയമുണ്ടായപ്പോൾ 940 കോടി രൂപയാണ് നൽകിയത്. എന്നാൽ, സംസ്ഥാനമൊട്ടാകെ അതിശക്തമായ പ്രളയമുണ്ടായപ്പോൾ മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയ തോതിലുള്ള സഹായങ്ങൾ നൽകിയല്ല.
സാമ്പത്തിക പരിമിതികൾക്കിടയിലും മനുഷ്യസാധ്യമായ എല്ലാ നടപടികളും ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാനം സ്വീകരിച്ചു. ജൂലൈ 27 മുതൽ നവംബർ 21 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2683.18 കോടി രൂപയാണ് ലഭിച്ചത്. കേന്ദ്രം നൽകിയ 600 കോടി ഉൾപ്പെടെ എസ്.ഡി.ആർ.എഫിലെ തുക 958.23 കോടിയും ചേർന്നാൽ 3641.91 കോടിയാണ് സംസ്ഥാനത്തിന്റെ കൈവശമുള്ളത്. അതിൽ സി.എം.ഡി.ആർ.എഫിൽ ചെലവഴിച്ചതും മന്ത്രിസഭാ തീരുമാനപ്രകാരം നൽകാനുള്ളതും ചേർത്താൽ 1950.18 കോടി ചെലവ് വരും.
തകർന്ന വീടുകൾ പുതുക്കി പണിയാനും പുതിയത് പണിയാനുമായി സംസ്ഥാന സർക്കാർ നൽകുന്ന തുക 1357 കോടി രൂപയാണ്. പൂർണമായി തകർന്ന വീടിന് കേന്ദ്രം നൽകുന്നത് ശരാശരി ഒരു ലക്ഷമാണ്. ബാക്കി മൂന്നുലക്ഷം കൂടി സംസ്ഥാനം നൽകുന്നതിനാലാണ് നാലുലക്ഷം രൂപ ഒരു വീടിന് ലഭിക്കുന്നത്. എല്ലാ മേഖലയിലും കേന്ദ്രം നൽകുന്നതിനേക്കാൾ സംസ്ഥാനം നൽകുന്ന സഹായം കൂടുതലാണ്. ഇത്തരം ചെലവുകൾ നിറവേറ്റിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ബാക്കിയുണ്ടാവുക കേവലം 733 കോടിയായിരിക്കും. എസ്.ഡി.ആർ.എഫിലാണെങ്കിൽ ചെലവഴിച്ചതും കേന്ദ്ര മാനദണ്ഡപ്രകാരം തുക നൽകാനും 214.38 കോടി രൂപ വേണ്ടിവരും.
കേന്ദ്രമാനദണ്ഡപ്രകാരമുള്ള തുകയും മന്ത്രിസഭയുടെ തീരുമാനപ്രകാരമുള്ള അധിക ആനുകൂല്യങ്ങളും നൽകാൻ കേന്ദ്രസഹായം കൂടിയേ തീരൂ. കേരള ജനത ഒറ്റക്കെട്ടോടെ ജാതി, മതങ്ങൾക്ക് അതീതമായി യോജിച്ചു നിന്നാണ് പ്രളയത്തെ നേരിട്ടത്. ലോകം തന്നെ മാതൃകാപരമായ നടപടിയായാണ് ഇതിനെ കണ്ടത്. ആ ഐക്യം ഊട്ടിയുറപ്പിച്ച് തടസ്സങ്ങളെ തട്ടിമാറ്റി പുനർനിർമാണം പൂർത്തികരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പുനർനിർമാണത്തിന് ലോകത്തെ അനുഭവങ്ങൾ ഉൾക്കൊണ്ടും നമ്മുടെ പാരിസ്ഥിതികമായ സവിശേഷതകൾ മനസിലാക്കിയും ജീവനോപാധികളെ സംരക്ഷിച്ചും മുന്നോട്ടുപോകുക എന്ന ഉത്തരവാദിത്തമാണ് സർക്കാർ ഏറ്റെടുക്കുന്നത്.
പുനർനിർമാണത്തിന് ഉപദേശകസമിതിയും ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും പദ്ധതി നിർവഹണത്തിന് വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഒരു സംവിധാനവും സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉപദേശകസമിതിയുടെ രണ്ടുയോഗങ്ങൾ ഇതിനകം ചേർന്ന് വ്യക്തമായ ദിശാബോധം ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്തു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മെയ് മാസത്തിന് മുമ്പായി വീട് പുനർനിർമിച്ച് നൽകാനാവശ്യമായ പിന്തുണാസംവിധാനങ്ങളും സർക്കാർ ഏകോപിപ്പിക്കുന്നു. കാലവർഷക്കെടുതി ഏൽപ്പിച്ച ആഘാതം വികസനപ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതിരിക്കാനുള്ള ശ്രമങ്ങളുമായാണ് സർക്കാർ നീങ്ങുന്നത്. സംഘർഷങ്ങളും അതുപോലുള്ള പ്രശ്നങ്ങളും വികസനപ്രവർത്തനത്തെ തടസ്സപ്പെടുത്താതിരിക്കാനുള്ള സഹകരണം എല്ലാവരിൽനിന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.